50 ലക്ഷത്തിന്റെ വായ്‌പ തിരിച്ചടയ്ക്കാൻ സഹായിച്ചു; അവസാനം കാമുകിയെത്തിയത് വിവാഹക്ഷണക്കത്തുമായി, ജിം  പരിശീലകൻ ജീവനൊടുക്കി

Monday 09 February 2026 11:09 AM IST

ബംഗളൂരു: കാമുകിയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതിന് പിന്നാലെ 26കാരനായ ജിം പരിശീലകൻ ആത്മഹത്യ ചെയ്തു. ബംഗളൂരുവിലെ ബോഡിബിൽഡറും ജീം പരിശീലകനുമായ കിരൺ ആണ് ജീവനൊടുക്കിയത്. കിരണും യുവതിയുമായി മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. തന്റെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ച വിവരം കഴിഞ്ഞദിവസമാണ് കാമുകി കിരണനെ അറിയിച്ചത്.

വിവാഹക്ഷണക്കത്തും സാരിയും കാണിക്കുകയും ചെയ്തു. ഇതിൽ മനംനൊന്ത് ബംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടിലെ വീട്ടിലെത്തിയ കിരൺ മുറിക്കുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. കിരണിനെ പുറത്തുകാണാതിരുന്നതിനെത്തുടർന്ന് വീട്ടുകാർ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് മൃതദേഹം കണ്ടത്.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വാലന്റെെൻസ് ഡേയ്ക്ക് യുവതിക്ക് കൊടുക്കാനുള്ള സമ്മാനം തയാറാക്കുന്നതിനുള്ള തിരക്കിലായിരുന്നു കുറച്ചുദിവസമായി കിരണെന്നും വീട്ടുകാർ പറയുന്നു. പിന്നാലെയാണ് വിവാഹവാർത്ത അറിഞ്ഞത്. കിരൺ യുവതിയുടെ 50 ലക്ഷത്തിന്റെ വായ്പ തിരിച്ചടയ്ക്കാൻ സഹായിച്ചിരുന്നതായും കുടുംബം പറയുന്നു. സംഭവത്തിൽ കിരണിന്റെ കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു.