'പശുവിന്റെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണം'; ബിജെപി എംഎൽഎയുടെ വീഡിയോ പങ്കിട്ട് ടിഎംസി

Monday 18 May 2026 11:25 AM IST

കൊൽക്കത്ത: പശുക്കളുമായി യാത്ര ചെയ്യുന്നവർ പശുവിന്റെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ബിജെപി എംഎൽഎ. പശ്ചിമബംഗാളിലെ ഹിങ്കൽഗഞ്ചിലാണ് സംഭവം. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി വനിതാ എംഎൽഎയായ രേഖപത്രയാണ് വിചിത്രമായ ആവശ്യം മുന്നോട്ടുവച്ചത്. പശുക്കളുമായി പോവുകയായിരുന്ന വാഹനം തടഞ്ഞുനിർത്തിയാണ് രേഖ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്.

'14 വയസിന് താഴെയുള്ള കന്നുകാലികളെ കശാപ്പുചെയ്യാൻ പാടില്ലെന്ന് സർക്കാർ മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ട്. അനധികൃതമായി കന്നുകാലികളെ കടത്തുന്നവരെ അടിയന്തരമായി പിടികൂടേണ്ടതുണ്ട്'- എന്നാണ് രേഖപത്ര പറയുന്നത്. പിന്നാലെ എംഎൽഎയുടെ വീഡിയോ പങ്കുവച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര രംഗത്തെത്തി.'കന്നുകാലികളുടെ പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ബംഗാളിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎൽഎ പറയുന്നു. പരിവർത്തനം'- എന്നാണ് എം പി വിമർശിച്ചത്.

1950ലെ ബംഗാൾ നിയമവും 2018ലെ കൊൽക്കത്ത ഹൈക്കോടതി ഉത്തരവും പ്രകാരം സാധുവായ സർട്ടിഫിക്കറ്റുകളില്ലാതെ പശുക്കളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ കഴിഞ്ഞദിവസം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. "മൃഗം കശാപ്പിന് യോഗ്യമാണെന്ന് സർട്ടിഫിക്കറ്റ് നേടിയിട്ടില്ലാത്ത പക്ഷം (കാള, പശു, പശുക്കിടാവ്, ആൺ, പെൺ എരുമ, എരുമ കിടാവ്, കാളക്കുട്ടികൾ എന്നിവയെ) ഒരു മൃഗത്തെയും കശാപ്പുചെയ്യാൻ പാടില്ല"- എന്നാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്.

മൃഗത്തിന്റെ പ്രായം, ആരോഗ്യം, ഫിറ്റ്നസ് എന്നിവയെ അടിസ്ഥാനമാക്കി മുനിസിപ്പൽ അല്ലെങ്കിൽ പഞ്ചായത്ത് അധികാരികൾ ഒരു സർക്കാർ വെറ്ററിനറി സർജനുമായി ചേർന്ന് സർട്ടിഫിക്കേഷൻ നൽകണമെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. സർട്ടിഫിക്കറ്റുകൾ നിരസിക്കുന്നതിനെതിരെ രണ്ടാഴ്ചയ്ക്കുള്ളിൽ അപ്പീൽ നൽകാം. 1950ലെ പശ്ചിമ ബംഗാൾ മൃഗ കശാപ്പ് നിയന്ത്രണ നിയമപ്രകാരം നിയമ ലംഘനങ്ങൾക്ക് ആറ് മാസം വരെ തടവോ 1000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു.