രണ്ട് യാത്രക്കാർ‌ക്ക് നിസ്‌കരിക്കാൻ ബസ് നിർത്തിക്കൊടുത്തു; ഡ്രൈവർ അടക്കം രണ്ട് പേർക്ക് സസ്‌പെൻഷൻ

Wednesday 07 June 2023 12:05 PM IST

ലക്നൗ: യാത്രക്കാർക്ക് നിസ്‌കരിക്കാൻ വേണ്ടി ബസ് നിർത്തിക്കൊടുത്ത ഡ്രൈവർക്കും സഹായിക്കും സസ്‌പെൻഷൻ. ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ ജീവനക്കാർക്കെതിരെയാണ് നടപടി. ഈ മാസം അഞ്ചിനാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.

ഡൽഹിയിലേക്കുള്ള 'ജൻരാത്' എ സി ബസിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ബസിലെ രണ്ട് യാത്രക്കാർക്ക് നിസ്‌കരിക്കാൻ വേണ്ടി അഞ്ച് മിനിട്ട് ബസ് നിർത്തിയിട്ടിരുന്നു. ഇത് ചില യാത്രക്കാർ ചോദ്യം ചെയ്തു. കൂടാതെ ഇതിന്റെ വീഡിയോയും പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കുകയും ചെയ്തു. വീഡിയോ വൈറലായതിന് പിന്നാലെ ചിലർ അധികൃതർക്ക് പരാതി നൽകുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിർത്തിയിടുന്നത് കവർച്ച പോലുള്ള അനിഷ്ട സംഭവങ്ങൾക്കും സ്ത്രീകളുൾപ്പടെയുള്ള യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കാനും ഇടയാക്കുമെന്ന വസ്തുത കണക്കിലെടുത്താണ് ഡ്രൈവറെ സസ്‌പെൻഡ് ചെയ്യാൻ നടപടിയെടുത്തതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.