വൻ പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി; കർഷകരുടെ കടം എഴുതിത്തള്ളുന്നു
ചെന്നൈ: സഹകരണ ബാങ്കുകൾ വഴി വായ്പയെടുത്ത ചെറുകിട കർഷകർക്ക് ആശ്വാസമായി കടം എഴുതിത്തള്ളാൻ ഉത്തരവിട്ട് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. മുഖ്യമന്ത്രി പങ്കെടുത്ത ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് ഇളവുകൾ പ്രഖ്യാപിച്ചത്.
50000 രൂപയിൽ താഴെ കടമുള്ള ഏതൊരു കർഷകനും പൂർണമായ ഇളവ് നൽകുമെന്ന് സർക്കാർ പ്രസ്താവനയിൽ പറയുന്നു. ചെറുകിട കർഷകർക്ക് 50000 രൂപയിൽ താഴെ കടമുണ്ടെങ്കിൽ തുകയുടെ 50 ശതമാനം എഴുതിത്തള്ളും. 50000 രൂപയിൽ കൂടുതലാണ് കടമെങ്കിൽ, സർക്കാർ വ്യവസ്ഥകൾ പ്രകാരം എഴുതിത്തള്ളും. 50001 മുതൽ 60000 രൂപ വരെ വായ്പയുള്ളവർക്ക് 40000 രൂപയും 60001 മുതൽ 70000 രൂപ വരെ വായ്പയുള്ളവർക്ക് 30000 രൂപയും ഇളവ് ലഭിക്കും.
70001 രൂപ മുതൽ 80000 രൂപ വരെ വായ്പയുള്ള കർഷകർക്ക് 20000 രൂപ ഇളവ് ലഭിക്കും. 80001 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 10000 രൂപയും ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള വിള വായ്പയുള്ളവർക്ക് 5000 രൂപയും എഴുതിത്തള്ളും. 2025 മേയ് ഒന്നിനും 2026 ഫെബ്രുവരി 28 നും ഇടയിൽ വായ്പ ലഭിച്ച കർഷകരുടെ വായ്പകളും എഴുതിത്തള്ളും. എന്നാൽ അഞ്ച് ഏക്കർ വരെ ഭൂമി കൈവശം വച്ചിരിക്കുന്നവരുടെ കാർഷിക വായ്പ പൂർണ്ണമായും എഴുതിത്തള്ളുമെന്ന് ടിവികെ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ചില കർഷകർ ചൂണ്ടിക്കാട്ടുന്നു. ടിവികെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
ഇതുകൂടാതെ പുതുതായി റിലീസ് ചെയ്ത തമിഴ് സിനിമകൾക്ക് ഒരു ദിവസം അഞ്ച് പ്രദർശനങ്ങൾ നടത്താനും അനുമതി നൽകി. റിലീസ് ചെയ്തതിന് ശേഷമുള്ള ഒരാഴ്ചത്തേക്കാണ് അനുമതി.