പാചകത്തെച്ചൊല്ലി അമ്മായിയമ്മയുമായി വാക്കുതർക്കം; എഞ്ചിനീയർ ജീവനൊടുക്കി

Wednesday 04 March 2026 11:07 AM IST

ബംഗളൂരു: അമ്മായിയമ്മയുമായുണ്ടായ വഴക്കിനെത്തുടർന്ന് ടെക്കി യുവതി ജീവനൊടുക്കി. ബംഗളൂരു സ്വദേശിയായ സുഷ്‌മയാണ് മരിച്ചത്. 35 വയസായിരുന്നു. ഐടി കമ്പനിയായ ഡെല്ലിലെ മുൻ ജീവനക്കാരിയായിരുന്നു സുഷ്‌മ. പുനീത് കുമാർ ആണ് ഭർത്താവ്. ഇവർക്ക് നാലുവയസുള്ള മകനുണ്ട്.

അഞ്ച് വർഷം മുൻപാണ് സുഷ്‌മയും പുനീതും വിവാഹിതരായത്. വീട്ടിൽ പലപ്പോഴും വഴക്കുണ്ടാകുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആഹാരം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സുഷ്‌മയും പുനീതിന്റെ അമ്മയായ കൽപനയും തമ്മിൽ കഴിഞ്ഞദിവസം വഴക്കുണ്ടായിരുന്നു. ആഹാരമുണ്ടാക്കാൻ സുഷ്‌മയെ കൽപന അനുവദിച്ചിരുന്നില്ലെന്ന് സുഷ്‌മയുടെ ബന്ധുക്കൾ ആരോപിച്ചു. സുഷ്‌മയെ അധിക്ഷേപിക്കുന്നത് പതിവായിരുന്നുവെന്നും ഇവർ പറയുന്നു. ഇതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയെന്നാണ് ആരോപണം.

ഭർതൃവീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ സുഷ്‌മയെ ഉപദ്രവിച്ചിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. ഇവരുടെ പരാതിയിൽ പുനീത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽപ്പോയ കൽപനയ്ക്കായി അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് വ്യക്തമാക്കി.