42 വർഷത്തിനുമുമ്പേ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ചിരുന്നോ? യാദൃശ്ചികമല്ല, അതൊരു നിമിത്തം

Thursday 07 May 2026 2:12 PM IST

ചെന്നൈ: സ്വപ്നതുല്യമായ തുടക്കം... തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ്‌യുടെ രംഗപ്രവേശത്തെ ഇങ്ങനെയല്ലാതെ മറ്റെന്തുപറഞ്ഞ് വിശേഷിപ്പിക്കും. തമിഴ്‌നാടിന്റെ അധികാരം കുത്തകയാക്കിയിരുന്ന ഡി എം കെ, എ ഐ എ ഡി എം കെ മുന്നണികളെ നിഷ്പ്രഭരാക്കി 108 സീറ്റുകളുമായി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരിക്കുകയാണ് വിജയ്‌യുടെ തമിഴക വെട്രി കഴകം. കേവല ഭൂരിപക്ഷം കിട്ടാത്തതിനാൽ മറ്റുചില ചെറുകക്ഷികളെ ഒപ്പം കൂട്ടി സംസ്ഥാനം ഭരിക്കാനുള്ള ശ്രമത്തിലാണ് വിജയ്.

തമിഴ്നാടിന്റെ മുഖ്യമന്ത്രിക്കസേരയിലേക്ക് നടന്നടുക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ ആദ്യ സിനിമയുടെ പേര് വീണ്ടും ചർച്ചയാവുന്നത്. നാൽപ്പത്തിരണ്ട് വർഷങ്ങൾക്കുമുമ്പ് വെട്രി എന്ന സിനിമയിലാണ് അദ്ദേഹം ആദ്യമായി അഭിനയിച്ചത്. അന്ന് ആ സിനിമയിൽ അഭിനയിക്കുമ്പോൾ വെട്രി എന്ന വാക്ക് പിന്നീടൊരിക്കൽ തന്റെ രാഷ്ട്രീയ വിധി നിർണയിക്കുമെന്ന് വിജയ് കരുതിക്കാണുമോ?.ആദ്യ സിനിമയുടെ പേരായ വെട്രി പതിറ്റാണ്ടുകൾക്കുശേഷം താൻ രൂപീകരിച്ച രാഷ്ട്രീയപ്പാർട്ടിയുടെ പേരിലും ഉൾപ്പെട്ടത് തികച്ചും യാദൃശ്ചികമാകാം. വെട്രി എന്നാൽ വിജയം.

പിതാവ് എസ് എ ചന്ദ്രശേഖറായിരുന്നു വെട്രിയുടെ സംവിധായകൻ. ഇതിൽ ഒരു ബാലതാരമായാണ് വിജയ് പ്രത്യക്ഷപ്പെട്ടത്. നായകനായ വിജയകാന്തിന്റെ ബാല്യകാലത്തെയായിരുന്നു അവതരിപ്പിച്ചത്. അന്നുമുതൽ തുടങ്ങിയ സിനിമാ യാത്ര രാഷ്ട്രീയപ്പാർട്ടി രൂപീകരിച്ചശേഷമാണ് അവസാനിപ്പിച്ചത്. തുടക്കം മുതൽ ഇതുവരെയുള്ള വിജയ്‌യുടെ ജീവിതം സ്വയം എഴുതിയ കഥപോയലെ എന്നാണ് അദ്ദേഹത്തിന്റെ ആരാധകരും അടുപ്പക്കാരും വിശേഷിപ്പിക്കുന്നത്.

എല്ലാം പിതാവ്

ഏതൊരാളുടെയും ഉയർച്ചയ്ക്കുപിന്നിൽ മറ്റൊരുവ്യക്തി ഉണ്ടാകുമെന്ന് പറയുന്നത് വിജയ്‌യുടെ കാര്യത്തിൽ നൂറുശതമാനം ശരിയാണ്. നടനെന്ന നിലയിലും രാഷ്ട്രീയക്കാരൻ എന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് കാരണക്കാൻ പിതാവാണെന്ന് നിസംശയം പറയാം. വെട്രിക്കുശേഷം ചന്ദ്രശേഖർ സംവിധാനം ചെയ്ത നിരവധി ചിത്രങ്ങളിൽ വിജയ് നായകനായി. ചില സിനിമകൾ വാണിജ്യപരമായി പരാജയപ്പെട്ടെങ്കിലും മകനിൽ അച്ഛനുള്ള വിശ്വാസം കൂടിവരികയായിരുന്നു. തുടർന്നും നിരവധി ചിത്രങ്ങൾ ഇവരുടേതായി പുറത്തുവന്നു. അതിൽ ചിലതെല്ലാം സൂപ്പർ ഹിറ്റുകളായി. അങ്ങനെ നടെന്ന നിലയിൽ ജനങ്ങളുടെ -പ്രത്യേകിച്ച് യുവാക്കളുടെ -മനസിൽ കുടിയേറി. ഈ ചുവടുറപ്പിക്കലാണ് രാഷ്ട്രീയക്കാരൻ എന്ന നിലയിലേക്ക് പാെടുന്നനെ വിജയ്‌ക്ക് എത്താൻ സാധിച്ചത്.

വിജയ്‌യെ രാഷ്ട്രീയക്കാരൻ എന്ന നിലയിലേക്ക് പരുവപ്പെടുത്താനും പിതാവ് ചെറുതല്ലാത്ത പങ്കാണ് വഹിച്ചത്. മകനിൽ രാഷ്ട്രീയ അഭിലാഷം വളരെക്കാലം മുമ്പേ ഉണ്ടായിരുന്നു എന്നാണ് ചന്ദ്രശേഖർ പറയുന്നത്. ഒരിക്കൽ ഞാൻ തമിഴ്‌നാട് മുഖ്യമന്ത്രിയാകും എന്ന് വിജയ് പറഞ്ഞിട്ടുണ്ടെന്നാണ് ചന്ദ്രശേഖർ പറയുന്നത്. വോട്ടർമാർ എന്ന നിലയിലല്ല കുടുംബത്തിലെ അംഗത്തെപ്പോലെയാണ് ജനങ്ങൾ വിജയ്‌യോട് പെരുമാറുന്നത്. വിജയ്‌യെ ഒരു മകനായാണ് സ്ത്രീകളും മുതിർന്നവരും കണ്ടിരുന്നത്.യുവാക്കൾ ഒരു ജ്യേഷ്ഠനെപ്പോലെ. ഈ ബന്ധമാണ് വിജയ്‌യും ജനങ്ങളും തമ്മിലെ വൈകാരിക അടുപ്പത്തിന് കാരണമെന്നും ചന്ദ്രശേഖർ പറയുന്നു. ആ ബന്ധമാണ് ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ സിനിമയുടെ പേരും രാഷ്ട്രീയപാർട്ടിയുടെ പേരും വെട്രിയായത് യാദൃശ്ചികമല്ലെന്നും ഒരു നിമിത്തമാണെന്നും കരുതുന്ന ആരാധകരും ഏറെയാണ്. എം ജി ആറിനും ജയലളിതയ്ക്കും ശേഷം സിനിമാക്കാരിൽ ഒരാൾ വീണ്ടും മുഖ്യമന്ത്രിയാകുന്നു എന്ന പ്രത്യേകതയും വിജയ്‌യുടെ സ്ഥാനാരോഹണത്തിനുണ്ട്.