SignIn
Kerala Kaumudi Online
Wednesday, 20 May 2026 12.44 AM IST

വിജയ്‌യുടെ സത്യപ്രതിജ്ഞ ഉടൻ, സർക്കാർ രൂപീകരിക്കാൻ ഗവർണർ അനുമതി നൽകി; പിന്തുണയുമായി കൂടുതൽ കക്ഷികൾ

vijay

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി നടൻ വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. സത്യപ്രതിജ്ഞ ചെയ്യാൻ തമിഴ്നാട് ഗവർണറുടെ ചുമതലയുള്ള രാജേന്ദ്ര ആർലേക്കർ അനുമതി നൽകിയെന്നാണ് അറിയുന്നത്. വിജയ് ഗവർണറുമായി നടത്തിയ അരമണിക്കൂർ കൂടിക്കാഴ്ചയ്ക്കുശേഷം മുൻപുള്ള കർശന നിലപാടിൽ ഗവർണർ അയവുവരുത്തിയെന്നാണ് അറിയുന്നത്. അതേസമയം 118 എംഎൽഎമാരുടെ ലിസ്റ്റ് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. മന്ത്രി സഭ രൂപീകരിക്കാൻ തനിക്ക് വ്യക്തമായ ഭൂരിപക്ഷം ഉള്ളതായി വിജയ് ഗവർണറെ ധരിപ്പിച്ചെന്നും അറിയുന്നുണ്ട്.

ഇതിനിടെ രണ്ട് സീറ്റുകളുള്ള വി സി കെ വിജയ്‌ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. നിലവിൽ കേവല ഭൂരിപക്ഷത്തിന് നാലുസീറ്റുകളുടെ കുറവാണ് വിജയ്ക്ക് ഉള്ളത്.കേവല ഭൂരിപക്ഷത്തിന് 118 പേരുടെ പിന്തുണയാണ് വേണ്ടത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടി വി കെയെ (തമിഴക വെട്രി കഴകം) സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കാത്തതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ പാർട്ടിയും കോൺഗ്രസും നീക്കം നടത്തുന്നതിനിടെയാണ് ഗവർണർ അനുമതി നൽകിയത്.

ഇന്നലെ വിജയ് ഗവർണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാൻ അനുവാദം തേടിയിരുന്നു. 14 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാമെന്നാണ് അറിയിച്ചത്. എന്നാൽ ഭൂരിപക്ഷം തെളിയിച്ചശേഷം സത്യപ്രതിജ്ഞ മതിയെന്നായിരുന്നു ഗവർണറുടെ നിലപാട്. ടി വി കെയ്ക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു സീറ്റുകൾ വീതമുള്ള സി പി എം, സി പി ഐ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാനായി വിജയ് കത്ത് നൽകിയിരുന്നു. ഇവരുടെ നിലപാട് നിർണായകമാകും. എൻ.ഡി.എയിലുള്ള പി.എം.കെയുമായി അനൗദ്യോഗിക ചർച്ച ആരംഭിച്ചിട്ടുണ്ട്.


നാലു സീറ്റുള്ള പി.എം.കെയുടെ പ്രസിഡന്റ് അൻപുമണി രാമദോസിന്റെ ഭാര്യയും ധർമ്മപുരി എം.എൽ.എയുമായ സൗമ്യയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം വിജയ് കൈയോടെ തള്ളിയെന്ന് റിപ്പോർട്ടുകളുണ്ട്.ഇതിനിടെ, ടി.വി.കെയെ പിന്തുണയ്ക്കണമെന്ന ആവശ്യം അണ്ണാ ഡി.എം.കെയിലും ഉയർന്നു. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിക്കു മേൽ സമ്മർദ്ദം ശക്തമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, VIYAY, THAMILNADU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360