രാജ്യത്തിന് പുതിയ സംയുക്ത സൈനിക മേധാവി, നാവിക സേനയ്ക്കും പുതിയ തലവൻ

Saturday 09 May 2026 9:09 AM IST

ന്യൂഡൽഹി: രാജ്യത്തിന്റെ അടുത്ത സംയുക്ത സൈനിക മേധാവിയായി ലെഫ്. ജനറൽ എൻ എസ് രാജ സുബ്രമണി (റിട്ട.) നിയമിതനായി. മേയ് 30 ന് കാലാവധി പൂർത്തിയാക്കുന്ന ജനറൽ അനിൽ ചൗഹാന്റെ പകരക്കാരനായാണ് കരസേനാ മുൻ ഉപമേധാവിയായ രാജ സുഹ്രഹ്മണിയെ നിയമിച്ചത്. നിലവിൽ അദ്ദേഹം നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ (എൻഎസ് സി എസ്) സൈനിക ഉപദേഷ്ടാവാണ്. കഴിഞ്ഞ വർഷം ജൂലായ് 31 നാണ് അദ്ദേഹം ആർമിയിൽ നിന്ന് വൈസ് ചീഫ് ഓഫ് ആർമി സ്​റ്റാഫ് (വിസിഒഎഎസ്) ആയി വിരമിച്ചത്.

39 വർഷത്തെ സൈനിക സേവനത്തിൽ സെൻട്രൽ കമാൻഡിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ് ഇൻചീഫ് ആയും അദ്ദേഹം സേവനമനുഷ്ഠിച്ചു. വിശിഷ്ട സേവനത്തിന് പരം വിശിഷ്ട സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ, സേനാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്.

പുതിയ നാവിക മേധാവിയെയും നിയമിച്ചു

ഇന്ത്യൻ നാവികസേനയുടെ പുതിയ മേധാവിയായി വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനെ നിയമിച്ചു. നിലവിൽ അദ്ദേഹം വെസ്​റ്റേൺ നേവൽ കമാൻഡറായി സേവനമനുഷ്ഠിച്ചുവരികയാണ്. അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി വിരമിക്കുന്ന മേയ് 31 ന് അദ്ദേഹം ചുതലയേൽക്കും. വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയുടെ കമാൻഡറായി പ്രവർത്തിച്ചിട്ടുള്ള അഡ്മിറൽ സ്വാമിനാഥൻ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ഐഎൻഎസ് മൈസൂർ, മിസൈൽ കോർവെ​റ്റ് ഐഎൻഎസ് കുലിഷ്, ഐഎൻഎസ് വിദ്യുത്, ഐഎൻഎസ് വിനാഷ് എന്നിവയുടെ കമാൻഡറായും പ്രവർത്തിച്ചിട്ടുണ്ട്.