റായ്‌പൂർ: രാജ്യത്ത് ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങൾ നേരിടുന്ന വെല്ലുവിളികളിൽ നിന്ന് ആശ്വാസം നൽകാനും നിർണ്ണായക നേതൃത്വം നൽകാനും കോൺഗ്രസിന് മാത്രമെ സാധിക്കൂ എന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ പ്ളീനറി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. പാർലമെന്റ് രേഖകളിൽ നിന്ന് നീക്കം ചെയ്‌ത പ്രധാനമന്ത്രി നരേന്ദ്രമോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിച്ച പ്രസംഗത്തിന്റെ ഭാഗവും അദ്ദേഹം പ്ളീനറിയിൽ ആവർത്തിച്ചു.
രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി പരിശ്രമിക്കാൻ കോൺഗ്രസ് തയ്യാറാണെന്ന് സമാന മനസ്‌കരായ മതേതര കക്ഷികളുമായി തിരഞ്ഞെടുപ്പിൽ സഹകരിക്കാനുള്ള പ്ളീനറി തീരുമാനം വിശദീകരിച്ചുകൊണ്ട് ഖാർഗെ പറഞ്ഞു. ബി.ജെ.പി സർക്കാരിനെ പരാജയപ്പെടുത്താൻ സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി ചേർന്ന് പ്രായോഗികമായ ഒരു ബദൽ രൂപീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 2004 മുതൽ 2014 വരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ സമാന ചിന്താഗതിയുള്ള പാർട്ടികളുമായുള്ള സഖ്യം നല്ല ഭരണമാണ് കാഴ്‌ചവച്ചത്. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അധികാരത്തിലെത്താൻ എന്ത് ത്യാഗവും ചെയ്യുമെന്നും ഖാർഗെ പറഞ്ഞു. എല്ലാവരെയും ഒരുമിപ്പിക്കാനാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്.
നോട്ട് നിരോധനം, ജി.എസ്.ടി, ഭരണഘടനാ മൂല്യങ്ങൾക്കെതിരായ ആക്രമണം തുടങ്ങിയവ സൂചിപ്പിച്ച് കേന്ദ്രസർക്കാരിനെയും ബി.ജെ.പിയെയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു ഖാർഗെയുടെ പ്രസംഗം. ചൈന അതിർത്തിയിലെ ദേശീയ സുരക്ഷ പ്രശ്നങ്ങൾ, എക്കാലത്തെയും ഉയർന്ന പണപ്പെരുപ്പം, റെക്കോർഡ് തൊഴിലില്ലായ്മ തുടങ്ങി രാജ്യം വെല്ലുവിളികൾ നേരിടുന്നു. ഡൽഹിയിൽ ഇരിക്കുന്നവരുടെ ഡി.എൻ.എ ദരിദ്രരുടെ ക്ഷേമത്തിന് വിരുദ്ധമാണ്.
പ്രധാൻ സേവക് എന്ന് സ്വയം വിശേഷിപ്പിക്കുന്നയാൾ തന്റെ സുഹൃത്തുക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ഇന്ത്യയിൽ ജനാധിപത്യം തകർക്കാനുള്ള ഗൂഢാലോചന നടക്കുന്നു. രാജ്യത്ത് നിലവിലുള്ള സാഹചര്യത്തിനെതിരെ ജനകീയ മുന്നേറ്റം അനിവാര്യമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |