തിരുവനന്തപുരം: ബഹിരാകാശത്തു നിന്ന് സൂര്യന്റെ പൂർണ വൃത്താകൃതിയിലുള്ള അൾട്രാവയലറ്റ് ചിത്രങ്ങൾ പകർത്തി ഇന്ത്യയുടെ ആദിത്യ എൽ1.പേടകം വിസ്മയം തീർത്തു.
സൂര്യന്റെ 200 മുതൽ 400 നാനോ മീറ്റർ വരെ തരംഗ ദൈർഘ്യമുള്ള ആദ്യത്തെ പൂർണവൃത്ത ചിത്രമാണിത്.
പേടകത്തിലെ സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ്പ് (സ്യൂട്ട്) ആണ് ചിത്രങ്ങൾ പകർത്തിയത്. സൂര്യനെ പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണ് ആദിത്യ എൽ1.
സൂര്യന്റെ ഫോട്ടോസ്‌ഫിയറിന്റെയും ക്രോമോസ്‌ഫിയറിന്റെയും വിശദാംശങ്ങൾ വ്യക്തമാക്കുന്നതാണ് ചിത്രമെന്ന് ഐ.എസ്.ആർ.ഒ. വ്യക്തമാക്കി. ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റേയും അൾട്രാ വയലറ്റ് ചിത്രം പകർത്താനാണ് സ്യൂട്ട് ഉപയോഗിക്കുന്നത്. പുറത്തുവിടുന്ന പ്രകാശോർജ്ജത്തിലെ മാറ്റങ്ങൾ പഠിക്കാനാണിത്. സ്യൂട്ട് അടക്കം ഏഴ് പേലോഡുകളാണ് ആദിത്യ എൽ1 ലുള്ളത്. പേടകത്തിലെ സോളാർ വിൻഡ് അയൺ സ്‌പെക്ട്രോമീറ്റർ (സ്വിസ്), ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്‌പെരിമെന്റ് (അസ്‌പെക്സ്) എന്നിവ ഡിസംബർ ആറിനും സൗരജ്വാലകളുടെ ഹൈ എനർജി എക്സ് റേ ചിത്രം
പകർത്തുന്ന ഹൈ എനർജി എൽ1 ഓർബിറ്റിങ് എക്സ്‌റേ സ്‌പെക്ട്രോമീറ്റർ നവംബറിലും പ്രവർത്തനം തുടങ്ങിയിരുന്നു.സെപ്തംബർ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് ആദിത്യഎൽ1 വിക്ഷേപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |