ബംഗളൂരു: സംസ്ഥാനത്ത് പെട്രോള്‍ - ഡീസല്‍ വില വര്‍ദ്ധനയുമായി കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍. വില്‍പ്പന നികുതി വര്‍ദ്ധിപ്പിച്ചതോടെ പെട്രോള്‍ ലിറ്ററിന് മൂന്ന് രൂപയും ഡീസല്‍ ലിറ്ററിന് മൂന്നര രൂപയുമാണ് കൂടിയിരിക്കുന്നത്. പെട്രോള്‍ നികുതിയില്‍ 3.9 ശതമാനം വര്‍ദ്ധനവ് വരുത്തിയപ്പോള്‍ ഡീസലിന്റേത് 4.1 ശതമാനം വര്‍ദ്ധിപ്പിച്ചു.
സംസ്ഥാന തലസ്ഥാനമായ ബംഗളൂരുവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 102.84 രൂപയാണ് പുതിയ നിരക്ക്. നേരത്തെ ഇത് 99.84 ആയിരുന്നു. ഡീസല്‍ നിരക്ക് 85.93 രൂപയില്‍ നിന്ന് 88.95 രൂപയായിട്ടാണ് ഉയര്‍ത്തിയത്. വിലവര്‍ദ്ധനവ് ജനങ്ങള്‍ക്ക് കൂടുതല്‍ ഭാരമുണ്ടാക്കുമെന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നുമാണ് പൊതുജനത്തിന്റെ അഭിപ്രായം.
സംസ്ഥാനത്തിന് അധിക വരുമാനം ലക്ഷ്യമിട്ടാണ് കര്‍ണാടക സംസ്ഥാന ധനവകുപ്പിന്റെ നികുതി വര്‍ദ്ധിപ്പിക്കല്‍ നടപടിയുണ്ടായിരിക്കുന്നത്. പെട്രോള്‍ വില വര്‍ദ്ധനവോടെ അവശ്യ സാധനങ്ങളുടെ വിലയും കുതിച്ച് ഉയരുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.
കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ വില വര്‍ദ്ധിപ്പിക്കുമ്പോള്‍ സമരം ചെയ്യുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് വില വര്‍ദ്ധിച്ചത് ബിജെപിയും ആയുധമാക്കുന്നുണ്ട്. കോണ്‍ഗ്രസ് ജനങ്ങളെ വഞ്ചിക്കുകയാണെന്നാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്.
അതേസമയം, സംസ്ഥാനത്തെ വില വര്‍ദ്ധനവ് കേരളത്തിലല്ലെങ്കിലും നിരവധി മലയാളികളേയും ബാധിക്കും. ബംഗളൂരു പോലുള്ള നഗരങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും നിരവധി മലയാളികളാണ് സ്ഥിരതാമസമാക്കിയിട്ടുള്ളത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഈ വര്‍ഷം ആദ്യം കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പെട്രോള്‍ വില കുറച്ചിരുന്നു. ലിറ്ററിന് രണ്ട് രൂപയാണ് കുറച്ചിരുന്നത്. 2022ന് ശേഷം ആദ്യമായിട്ടാണ് രാജ്യവ്യാപകമായി പെട്രോള്‍ - ഡീസല്‍ വില കുറച്ചതെന്ന പ്രത്യേകതയുണ്ടായിരുന്നു ഈ വര്‍ഷം ആദ്യം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |