ന്യൂഡൽഹി: തായ്‌ലൻഡുമായുള്ള ഉഭയകക്ഷി ബന്ധം ദൃഢപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏപ്രിൽ 3, 4 തീയതികളിലെ സന്ദർശനം സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌ടോങ്‌ടാൺ ഷിനവത്രയുമായി കൂടിക്കാഴ‌്ച നടത്തുന്ന മോദി ബാങ്കോക്കിൽ നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിലും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ മൂന്നാമത്തെ തായ്‌ലൻഡ് സന്ദർശനമാണ്.
തായ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി അവലോകനം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി(ഈസ്റ്റ്) ജദീപ് മജുംദാർ പറഞ്ഞു. പ്രാദേശിക, ബഹുമുഖ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്യും. നിരവധി കരാറുകളിലും ഉഭയകക്ഷി രേഖകളിലും ഒപ്പുവെക്കുമെന്നും മജുംദാർ പറഞ്ഞു. തായ് പ്രധാനമന്ത്രിയുമായി നരേന്ദ്രമോദിയുടെ രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. കഴിഞ്ഞ വർഷം ഒക്ടോബർ 11ന് വിയന്റിയാനിൽ ആസിയാൻ ഉച്ചകോടിക്കിടെ ഇരുവരും കണ്ടിരുന്നു.
ബിംസ്റ്റെക് ഉച്ചകോടിയിൽ നിലവിൽ തായ്‌ലൻഡ് വഹിക്കുന്ന ബിംസ്റ്റെക്കിന്റെ അദ്ധ്യക്ഷ സ്ഥാനം ബംഗ്ലാദേശിന് കൈമാറും. ഉച്ചകോടിക്ക് മുന്നോടിയായി ബിംസ്റ്റെക് മന്ത്രിതല സമ്മേളനവും മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗവും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |