ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധങ്ങളിൽ ഭൂരിഭാഗം നടപടികളും തടസപ്പെട്ടെങ്കിലും ആദായ നികുതി, കായിക നിയന്ത്രണം, ജയിലിലായാൽ മന്ത്രി പുറത്ത് തുടങ്ങി നിർണായക ബില്ലുകൾ അവതരിപ്പിച്ച വർഷകാല സമ്മേളനത്തിന് കൊടിയിറങ്ങി. മണിപ്പൂരിലെ രാഷ്‌ട്രപതി ഭരണം നീട്ടാനുള്ള ബിൽ അടക്കം രാജ്യസഭ 14 ബില്ലുകളും ലോക‌്‌സഭ 12 ബില്ലുകളും പാസാക്കി.
കഴിഞ്ഞ ദിവസത്തെ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ കയ്യാങ്കളിയും ഉപരാഷ്‌ട്രപതി സ്ഥാനത്തുനിന്നുള്ള ജഗ്‌ദീപ് ധൻകറുടെ രാജിയും സമ്മേളനത്തെ വാർത്തകളിൽ നിറച്ചു.
ജൂലായ് 21ന് സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ ഉപരാഷ്‌ട്രപതിയും രാജ്യസഭാ അദ്ധ്യക്ഷനുമായ ജഗ്‌ദീപ് ധൻകർ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി രാജിവച്ചത് ഏറെ വാർത്താ പ്രധാന്യം നേടി. രാജി ബി.ജെ.പി നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്നാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ഓപ്പറേഷൻ സിന്ദൂറിൽ വെടിനിറുത്തലിൽ യു.എസ് ഇടപെട്ടെന്ന ആരോപണം അടക്കം പ്രധാനമന്ത്രി വിശദീകരിക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു ആദ്യ ദിവസങ്ങളിൽ പ്രതിപക്ഷം സഭ തടസപ്പെടുത്തിയത്. സർക്കാർ ചർച്ചയ്‌ക്ക് തയ്യാറായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിപക്ഷത്തെ അടിച്ചമർത്തുന്നതും കണ്ടു.
പിന്നാലെയാണ് ബീഹാറിലെ വോട്ടർ പട്ടിക പരിഷ്‌കരണം പ്രതിപക്ഷം ഏറ്റെടുത്തത്. രാഹുൽ കർണാടകയിലെ ചില ക്രമക്കേടുകൾ പുറത്തുവിട്ടതോടെ പ്രതിഷേധത്തിന്റെ വീര്യവും കൂടി. പിന്നീട് ഒരു ദിവസവും പാർലമെന്റ് പ്രവർത്തിച്ചില്ല. ആദായ നികുതി ഭേദഗതി, കായിക നിയന്ത്രണ ബിൽ, ഉത്തേജക വിരുദ്ധ ബിൽ തുടങ്ങിയ പ്രധാന ബില്ലുകൾ പ്രതിപക്ഷ അസാന്നിദ്ധ്യത്തിൽ ചർച്ചയില്ലാതെയാണ് പാസാക്കിയത്.
ശുഭാംശു ശുക്ളയ്‌ക്ക് അഭിനന്ദനം അർപ്പിച്ചുള്ള ചർച്ചയും നടന്നു. സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെ ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ബില്ല് രാജ്യസഭ പാസാക്കി. കഴിഞ്ഞ ദിവസം ലോക്സഭ ഈ ബില്ല് പാസാക്കിയിരുന്നു.
അതേസമയം, 30 ദിവസം തുടർച്ചയായി ജയിലിൽ കിടക്കുന്ന മന്ത്രിമാരെ പുറത്താക്കാനുള്ള നിർണായക ബിൽ സമ്മേളനത്തിലെ അപ്രതീക്ഷിത നീക്കമായി. ജെ.പി.സിക്ക് വിട്ട ബില്ലിന്റെ അവതരണത്തിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ കയ്യാങ്കളിക്കും സഭ സാക്ഷിയായി. സഭയിൽ നടക്കുന്ന ആസൂത്രിത സംഘർഷങ്ങളിൽ കടുത്ത ദുഃഖമുണ്ടെന്ന് ഇന്നലെ ലോക്‌സഭാ സ്‌പീക്കർ ഓം ബിർള പറഞ്ഞു. മുദ്രാവാക്യങ്ങൾ മുഴക്കൽ, പ്ളക്കാർഡുകൾ പ്രദർശിപ്പിക്കൽ എന്നിവ പാർലമെന്ററി സമ്പ്രദായത്തെ അപമാനിക്കലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |