
അത്ലറ്റിക്സിൽ പാലക്കാട് കുതിപ്പ് തുടരുന്നു
മഴയിൽ തെന്നി ട്രാക്കിൽ വീണ് താരങ്ങൾ
തിരുവനന്തപുരം : മഴപെയ്ത് നനഞ്ഞ് കുതിർന്ന ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ ഹർഡിൽസിൽ ഒരു റെക്കാഡ് ഉൾപ്പടെ തീപ്പൊരി പ്രകടനങ്ങൾ നടന്നെങ്കിലും പലരും ട്രാക്കിൽ തെന്നി അടിതെറ്റി വീഴുകയും ചെയ്തു. സീനിയർ, ജൂനിയർ ആൺകുട്ടികളുടെ 110 മീറ്രർ ഹർഡിൽസുകളിലായിരുന്നു വീഴ്ച കൂടുതൽ.സീനിയർ ആൺകുട്ടികളിൽ മലപ്പുറം ഐഡിയൽ സ്കൂളിന്റെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന ഷാരോൺ ശങ്കറാണ് അടിതെറ്റി വീണത്. ജൂനിയർ ആൺകുട്ടികളിൽ ഫിനിഷ് ലൈൻ തൊടവേ രണ്ടാം ട്രാക്കിൽ ഓടിയ പാലക്കാടിന്റെ അതുൽകൃഷ്ണയും മൂന്നാം ട്രാക്കിലെ കോഴിക്കോടിന്റെ യശ്വന്ത് സിംഗും തമ്മിൽ തട്ടി തെറിച്ച് വീണു.
ഇന്നലത്തെ അവസാന ഇനമായിരുന്ന 4-400 മീറ്റർ റിലേയിൽ നാലിൽ മൂന്നിലും സ്വർണം നേടി പാലക്കാട് കരുത്ത് കാട്ടി. രണ്ടാം ദിനത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ 13 സ്വർണവും 10 വെള്ളിയും 3 വെങ്കലവുമടക്കം 113 പോയിന്റ് അക്കൗണ്ടിലുള്ള പാലക്കാട് എതിരാളികളെക്കാൾ ബഹുദൂരം മുന്നിലാണ്. നിലവിലെ ചാമ്പ്യൻമാരായ മലപ്പുറം 7 സ്വർണവും 8 വെള്ളിയും 10 വെങ്കലവുമടക്കം 78 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 4 വീതം സ്വർണവും വെള്ളിയും 1 വെങ്കലവുമുള്ള കോഴിക്കോടാണ് 36 പോയിന്റുമായി മൂന്നാമതുള്ളത്.
സ്കൂളുകളിൽ ഒരിടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തുന്ന പാലക്കാട് മുണ്ടൂർ എച്ച്.എസാണ് 4 സ്വർണവും 3 വെള്ളിയും ഉൾപ്പെടെ 29 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ളത്. 4 സ്വർണവും 1 വെള്ളിയും 2 വെങ്കലവുമുൾപ്പടെ മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസ് 25 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഇത്തവണ അപ്രതീക്ഷിത കുതിപ്പ് നടത്തുന്ന കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച്.എസാണ് 3 സ്വർണവും 1 വെള്ളിയും ഉൾപ്പടെ 18 പോയിന്റുമായി മൂന്നാം സ്ഥാനത്ത്.
രണ്ട് റെക്കാഡുകൾ
ഇന്നലെ അത്‌ലറ്റിക്‌സിൽ രണ്ട് റെക്കാഡുകൾ പിറന്നു. ജൂനിയർ പെൺകുട്ടികളുടെ ഡിസ്‌കസ് ത്രോയിൽ കാസർകോഡ് ജി.എച്ച്.എസ്.എസ് കുട്ടമത്തെ സോന മോഹൻ 38.64 മീറ്റർ ദൂരത്തേക്ക് ഡിസ്‌ക് പായിച്ച് റെക്കാഡ് പുസ്തകത്തിൽ ഇടം നേടി. സീനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസിലെ ഫസലുൾ ഹഖ് സി.കെ 13.78 സെക്കൻഡിൽ ഫിനിഷ് ചെയ്‌ത് റെക്കാഡ് കുറിച്ചു.
മഴയുടെ കളി
ഇന്നലെ ഭൂരിഭാഗം സമയത്തും പെയ്ത ശക്തമായ മഴ താരങ്ങൾക്ക് തിരിച്ചടിയായി. അത്‌ലറ്റിക്‌സിലെ പല മത്സരങ്ങളും മഴമൂലം ഇടയ്ക്ക് നിറുത്ത് വയ്‌ക്കേണ്ടി വന്നു. സെൻട്രൽ സ്റ്റേഡിയം വേദിയായ വടംവലി മത്സരം മഴമൂലം ചെളിക്കുണ്ടായ സ്ഥലത്താണ് നടത്തിയതെന്ന ആരോപണവുമുയർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |