
ഫസലുൾ ഹഖിന് റെക്കാഡ്
ഹഡിൽസ് മത്സരങ്ങൾക്കിറങ്ങിയ കുട്ടിത്താരങ്ങളിൽ പലർക്കും മഴയിൽ കുതിർന്ന ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കിൽ കാലിടറിയെങ്കിലും, സീനിയർ ആൺകുട്ടികളുടെ 110 മീറ്ററിൽ റെക്കാഡോടെ പൊന്നായി തിരുനാവായ നാവാമുകുന്ദ സ്‌കൂളിലെ ഫസലുൾ ഹഖ് സി.കെ. 13.78 സെക്കൻഡിൽ ഫിനിഷ് ചെയ്‌ത ഫസൽ കഴിഞ്ഞ വർഷം വിജയ്‌കൃഷ്‌ണ കുറിച്ച 13.97 സെക്കൻഡിന്റെ റെക്കാഡാണ് പഴങ്കഥയാക്കിയത്. കഴിഞ്ഞ ദിവസം നടന്ന 100 മീറ്റർ പോരാട്ടത്തിൽ വെള്ളി കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്ന ഫസലുൾ ഹഡിൽസിൽ റെക്കാഡ് കുറിക്കുമെന്ന് പ്രഖ്യാപിച്ചാണ് ഇന്നലെ മത്സരത്തിനിറങ്ങിയത്.
താനൂർ സ്വദേശിയായ ഫസലുൾ ഹഖ് തിരുനാവായ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. മത്സ്യത്തൊഴിലാളിയായ സിദ്ധിഖാണ് പിതാവ്. കോഴിക്കോടിന്റെ അമർജിത്ത് (14.23 സെക്കൻഡ്) വെള്ളിയും മലപ്പുറത്തിന്റെ അഭിഷേക് വി വെങ്കലവും നേടി.
ആദിത്യ ഡബിളാ
സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ സ്വർണം നേടി ഇത്തവണ അത്‌ലറ്റിക്സിൽ ഇരട്ട സ്വർണം നേടുന്ന ആദ്യതാരമായി മലപ്പുറം തിരുനാവായ നാവാമുകുന്ദ സ്‌കൂളിലെ ആദിത്യ അജി. ഹർഡിലുകൾ ചാടിക്കടന്ന് പറന്ന ആദിത്യ 14.06 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് 100 മീറ്റർ ഹർഡിൽസിലെ സ്വർണം നിലനിറുത്തിയത്. കഴിഞ്ഞ വർഷവും ഈ ഇനത്തിൽ ആദിത്യയ്ക്കായിരുന്നു സ്വർണം.
കഴിഞ്ഞ ദിവസം 100 മീറ്ററിൽ സ്വർണം നേടിയ ആദിത്യ തിരുവനന്തപുരം മീറ്റിലെ വേഗമേറിയ പെൺതാരമായിരുന്നു. കോട്ടയം എരുമേലി വാളാഞ്ചിറയിൽ കെ.ആർ അജിമോന്റെയും സൗമ്യയുടേയും മകളാണ്.
ഈ ഇനത്തിൽ പാലക്കാട് വടവന്നൂർ വി.എം.എച്ച്.എസിലെ വിഷ്‌ണുശ്രീ എൻ.എസ് വെള്ളിയും (14.49 സെക്കൻഡ്) മലപ്പുറം കടകശേരി ഐഡിയൽ ഇ.എച്ച്.എസ്.എസിലെ പാർവതി എൻ.ആർ (15.28 സെക്കൻഡ്) വെങ്കലവും നേടി.
ഫോട്ടോ ഫിനിഷിൽ അലൻജിത്ത്
ജൂനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ ഫോട്ടോഫിനിഷിൽ മലപ്പുറത്തിന്റെ അമൽ കൃഷ്‌ണ കെയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി പാലക്കാടിന്റെ അലൻജിത്ത് കെ.എ സ്വർണം നേടി. 14.385 സെക്കൻഡിലാണ് മുണ്ടൂർ എച്ച്.എസിലെ അലൻജിത്ത് ഫിനിഷ് ചെയ്തത്. ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശേരിയിലെ അമൽകൃഷ്ണ ഫിനിഷ് ലൈൻ തൊട്ടത് 14.388 സെക്കൻഡിലും. കോട്ടയം മുരുക്കുംവയൽ വി.എച്ച്.എസ്.എസിലെ ശ്രീഹരി സി ബിനു14.47 സെക്കൻഡിൽ വെങ്കലം നേടി.
ജൂനിയർ പെൺകുട്ടികുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ ആലപ്പുഴയുടെ അനാമിക അജേഷ് 14.52 സെക്കൻഡിൽ ഓടിയെത്തി സ്വർണം നേടി ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അനാമിക. പാലക്കാട് വി.എം.എച്ച്.എസ് വടവാതൂരിലെ ജയലക്ഷ്‌മി (15.28 സെക്കൻഡ്) വെള്ളിയും കണ്ണൂർ ജി.വി എച്ച്.എസ്.എസിലെ ദേവശ്രീ ടി.വി (15.36) വെങ്കലവും നേടി.
സ്വർണം നിലനിറുത്തി റൈഹാന
സബ് ജൂനിയർ പെൺകുട്ടികളുടെ 80 മീറ്രർ ഹർഡിൽസിൽ പാലക്കാട് മുണ്ടൂർ എച്ച്.എസിലെ റൈഹാന എം 12.35 സെക്കൻഡിൽ അനായാസം സ്വർണത്തിലെത്തി. 2014ൽ കോഴിക്കോടിന്റെ അപർണാ റോയി കുറിച്ച 12.29 സെക്കൻഡിന്റെ റെക്കാഡ് തിരുത്താനുള്ള അവസരം മൈക്രോസെക്കൻഡുകൾക്കാണ് റൈഹാനയ്ക്ക് നഷ്‌ടമായത്.
കഴിഞ്ഞ വർഷവും ഈ ഇനത്തിൽ റൈഹാനയ്ക്കായിരുന്നു സ്വർണം. തിരുവനന്തപുരം ജി.വി രാജയിലെ ശ്രീ നന്ദ (13.36 സെക്കൻഡ്) വെള്ളിയും, കണ്ണൂർ കരിവെള്ളൂർ എ.വി.എസ് എച്ച്.എസ്.എസിലെ ശ്രീയ എം (13.86 സെക്കൻഡ്) വെങ്കലവും നേടി.
സബ്‌ജൂനിയർ ആൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസിൽ മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസിലെ അഭയ് പ്രാതാപിനാണ് സ്വർണം (11.60 സെക്കൻഡ്), ഈ സ്കൂളിലെ തന്നെ നിവേദ് സ്രാമ്പിക്കലിനാണ് വെങ്കലം (11.87 സെക്കൻഡ്). വയനാട് ജി.എച്ച്.എസ്.എസ് കാട്ടിക്കുളത്തിലെ മിദീഷ് എമ്മിനാണ് വെള്ളി (11.75 സെക്കൻഡ്).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |