മോമോസിന്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; നഷ്ടമായത് 85 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ

Monday 02 February 2026 12:12 PM IST

ലക്‌നൗ: മോമോസ് പ്രിയനായ ഏഴാം ക്ലാസുകാരൻ വിറ്റത് 85 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ. ഉത്തർപ്രദേശിലെ ദിയോറിയ നഗരത്തിലാണ് സംഭവം നടന്നത്. വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ എടുത്ത് തന്നാൽ സൗജന്യമായി മോമോസ് തരാമെന്ന് കട നടത്തുന്ന മൂന്നുപേർ പറയുകയായിരുന്നു. തുടർന്ന് സൗജന്യമായി മോമോസ് കഴിക്കാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ ആരുമറിയാതെ കുട്ടി ഇവർക്ക് നൽകുകയായിരുന്നു. വാരണാസിയിലെ ക്ഷേത്ര പൂജാരി വിമലേഷിന്റെ വീട്ടിൽ നിന്നാണ് ആഭരണം നഷ്ടമായത്. മകന് മോമോസ് നൽകാമെന്ന് പറഞ്ഞ് പ്രേരിപ്പിച്ചാണ് കുറ്റംചെയ്പ്പിച്ചതെന്ന് വിമേഷ് പരാതിയിൽ പറയുന്നു.

വിമലേഷിന്റെ സഹോദരി ആഭരണങ്ങൾ ആവശ്യപ്പെട്ടപ്പോഴാണ് സത്യം പുറത്തറിഞ്ഞത്. വീട്ടുകാർ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ നോക്കുമ്പോൾ പകുതിയും അതിൽ നിന്ന് നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ആൺകുട്ടിയോട് ചോദിച്ചപ്പോഴാണ് മോമോസ് വിൽപനക്കാർക്ക് നൽകിയ വിവരം കുട്ടി പറഞ്ഞത്. പിന്നാലെ വിമലേഷ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഏകദേശം 85ലക്ഷം രൂപവിലവരുന്ന ആഭരണങ്ങളാണ് നഷ്ടമായതെന്ന് അദ്ദേഹം പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ കട ഉടമകൾക്കായുള്ല തെരച്ചിൽ നടത്തുകയാണ്.