പുതുചരിത്രം; ബംഗാളിൽ ബി.ജെ.പി സർക്കാർ, സത്യപ്രതിജ്ഞാ ചടങ്ങിൽ മോദിയും
ന്യൂഡൽഹി: ബംഗാളിനു പുതുചരിത്രം. സംസ്ഥാനത്ത് ബി.ജെ.പിയുടെ ആദ്യ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 15 വർഷത്തെ തൃണമൂൽ കോൺഗ്രസ് ഭരണമാണ് അവസാനിച്ചത്.
ദിലീപ് ഘോഷ്, അഗ്നിമിത്ര പോൾ, അശോക് കീർത്താനിയ, ക്ഷുദിരാം ടുഡു, നിഷിത് പ്രമാണിക് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. ദിലീപ് ഘോഷും അഗ്നിമിത്രയും ഉപമുഖ്യമന്ത്രിമാരായേക്കും. കൊൽക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലായിരുന്നു പ്രൗഢോജ്ജ്വല ചടങ്ങ്. ഗവർണർ ആർ.എൻ.രവി സത്യവാചകം ചൊല്ലിക്കൊടുത്തു.
പതിനായിരക്കണക്കിനു പ്രവർത്തകർ ഗ്രൗണ്ടിലേക്കൊഴുകി. ആഘോഷനിമിഷത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, ജെ.പി.നദ്ദ, ധർമേന്ദ്ര പ്രധാൻ, എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവർ സാക്ഷികളായി. ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് ഭാഗ്യമെന്ന് മോദി പറഞ്ഞു. ബംഗാളിനെ പുനഃസൃഷ്ടിക്കുമെന്ന് സുവേന്ദു പ്രതികരിച്ചു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവരുമായി ഗ്രൗണ്ടിലെ താത്കാലിക ടെന്റിൽ കൂടിക്കാഴ്ച നടത്തി. സുവേന്ദുവിനെ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അഭിനന്ദിച്ചു.
ദിലീപ് ഘോഷ് പാർട്ടിയുടെ ഒ.ബി.സി മുഖമാണ്. അഗ്നിമിത്രയിലൂടെ വനിതാ പ്രാതിനിദ്ധ്യം ഉറപ്പിച്ചു. അശോക് കീർത്താനിയയും നിഷിത് പ്രമാണികും ദളിത് വിഭാഗക്കാർ. ക്ഷുദിരാം ടുഡു ആദിവാസി നേതാവും.