ലിറ്ററിന് മൂന്നു രൂപ കൂട്ടി, പൊള്ളിച്ച് പെട്രോൾ ഡീസൽ വില
കൊച്ചി: പൊതുമേഖല എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില ലിറ്ററിന് മൂന്ന് രൂപ വീതം വർദ്ധിപ്പിച്ചു. സി.എൻ.ജി വിലയും കിലോയ്ക്ക് രണ്ട് രൂപ കൂട്ടി. വിലവർദ്ധന നിലവിൽ വന്നു. ഡീസൽ വില കൂട്ടിയത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനിടയാക്കും.
പശ്ചിമേഷ്യൻ യുദ്ധം പ്രതിസന്ധി രൂക്ഷമാക്കിയതോടെ വൻ നഷ്ടം സഹിച്ചാണ് ഇന്ധനം നൽകിവരുന്നതെന്നും വില കൂട്ടാതെ മാർഗ്ഗമില്ലെന്നുമാണ് എണ്ണക്കമ്പനികളുടെ ന്യായം. ക്രൂഡോയിൽ വില 76 ദിവസമായി ബാരലിന് നൂറ് ഡോളറിന് മുകളിലാണ്. നാല് വർഷത്തിനിടെ ഇതാദ്യമായാണ് പെട്രോൾ, ഡീസൽ വില ഉയർത്തുന്നത്. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പൂർത്തിയായ ശേഷമാണ് വില ഉയർത്താൻ കേന്ദ്രം അനുമതി നൽകിയത്.
പെട്രോൾ, ഡീസൽ, പാചക വാതകം വില്പനയിൽ എണ്ണക്കമ്പനികളുടെ പ്രതിദിന നഷ്ടം 1,600 കോടിയാണ്. ലിറ്ററിന് മൂന്ന് രൂപ വീതം വർദ്ധിപ്പിച്ചതോടെ പ്രതിമാസ നഷ്ടത്തിൽ 5,000 കോടി രൂപയുടെ കുറവുണ്ടാകും. ക്രൂഡ് വില താഴ്ന്നില്ലെങ്കിൽ വീണ്ടും വില വർദ്ധിപ്പിച്ചേക്കും.
പെട്രോൾ
പുതിയവില - പഴയത്
തിരുവനന്തപുരം: 110.58 -107.48 എറണാകുളം: 108.93 -105.49 കോഴിക്കോട്: 109.37- 105.83
ഡീസൽ
പുതിയത് - പഴയത്
തിരുവനന്തപുരം: 99.35 - 96.26 എറണാകുളം: -97.80- 94.48 കോഴിക്കോട്: 98.23- 94.84
ആഘാതം കുറയ്ക്കും:
വി.ഡി. സതീശൻ
ഇന്ധന വില വർദ്ധനയുടെ ആഘാതം കുറയ്ക്കാനുള്ള നടപടിയുണ്ടാകുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ. വിഷയം ഗൗരവമായി പരിശോധിക്കും. ഉമ്മൻചാണ്ടി സർക്കാർ സെസ് കുറച്ചത് മാദ്ധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴാണ് സതീശന്റെ മറുപടി.