യു.പിയിൽ മഴക്കെടുതിയിൽ മരണം 142 ആയി

Saturday 16 May 2026 12:16 AM IST

ലക്നൗ: ഉത്തർപ്രദേശിൽ മഴയിലും കൊടുങ്കാറ്റിലും മരണം 142 ആയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചിലർ ഇന്നലെ

മരണത്തിന് കീഴടങ്ങി. സംസ്ഥാനത്തിന്റെ കിഴക്കൻ, മദ്ധ്യ മേഖലകളിൽ വീശിയടിച്ച കൊടുങ്കാറ്റിൽ ഏക്കറുകണക്കിന് കൃഷിയിടങ്ങൾ നശിച്ചു. നൂറോളം കന്നുകാലികൾ ചത്തു.

വാരാണസി, പ്രയാഗ്‌രാജ്,​ കാൺപൂർ ഡിവിഷനുകളാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. റിപ്പോർട്ടുകൾ പ്രകാരം മതിലിടിഞ്ഞും പാലം തകർന്നുവീണുമുണ്ടായ അപകടങ്ങളിലാണ് കൂടുതൽ പേർ മരിച്ചത്. ദുരിതബാധിത പ്രദേശങ്ങളിൽ സംസ്ഥാന സർക്കാർ വിപുലമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്താൻ ഉദ്യോഗസ്ഥർ പ്രദേശങ്ങളിലെത്തിയിട്ടുണ്ട്.

മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ അടിയന്തര സഹായം സർക്കാർ പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ ദുരന്തബാധിതർക്ക് അടിയന്തരസഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിരുന്നു. സംസ്ഥാന ദുരിതാശ്വാസ കമ്മിഷണർ ഹൃഷികേശ് യശോദ് വീഡിയോ കോൺഫറൻസിംഗിലൂടെ ജില്ലാ മജിസ്‌ട്രേറ്റുമാരുമായി യോഗം നടത്തി. ദുരിതാശ്വാസ കമ്മിഷണറുടെ ഓഫീസിൽ സജ്ജീകരിച്ചിരിക്കുന്ന കൺട്രോൾ റൂം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു.

ഉഷ്ണതരംഗം തുടരുന്നു

ഡൽഹി, ഉത്തർപ്രദേശ്, ബീഹാർ, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിങ്ങനെ

ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും പല സംസ്ഥാനങ്ങളിലും കടുത്ത ഉഷ്ണതരംഗം തുടരുകയാണ്.

അതേസമയം പത്ത് സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്.

ഡൽഹിയിലെ പരമാവധി താപനില 41 ഡിഗ്രി സെൽഷ്യസിലെത്തും. ഉച്ചകഴിഞ്ഞ് പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.