നിർമ്മാതാവ് കെ. രാജൻ നദിയിൽ ചാടി ജീവനൊടുക്കി

Monday 18 May 2026 12:58 AM IST

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര നിർമ്മാതാവ് കെ. രാജൻ (85) അടയാർ നദിയിൽ ചാടി ജീവനൊടുക്കി. ഹോട്ടലിലേക്ക് പോകുന്നതിനിടെ കാർ നിറുത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ടുവെന്നും പുറത്തിറങ്ങി പാലത്തിൽ നിന്ന് ചാടിയെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുടുംബ പ്രശ്നങ്ങൾ അലട്ടിയിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുറച്ചുനാളായി സ്വകാര്യ ഹോട്ടലിലായിരുന്നു താമസം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി റോയപ്പേട്ട ആശുപത്രിയിലേക്ക് മാറ്രി.

1983 ൽ ബ്രഹ്മചാരികൾ എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് രാജൻ സിനിമാജീവിതം ആരംഭിച്ചത്. നടൻ,​ സംവിധായകൻ,​ രചയിതാവ് എന്നീ നിലകളിലും ശ്രദ്ധേയനാണ്. 1987 ൽ രഘുവരൻ അഭിനയിച്ച മൈക്കൽ രാജ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. തങ്കമന തങ്കച്ചി (1991), ചിന്ന പൂവായ് കിള്ളാതെ (1992) തുടങ്ങിയ സിനിമകൾക്ക് കഥയെഴുതി. നമ്മ ഒരു മറിയാമ്മ (1991) സംവിധാനം ചെയ്തു.ഡബിൾസ് (2000), അവൾ പാവം (2000), നിനക്കാത്ത നാളില്ലൈ (2001) തുടങ്ങി നിരവധി ചിത്രങ്ങൾ നിർമ്മിച്ചു. 2023ൽ അജിത് കുമാർ നായകനായ തുണിവ്, സെൽവരാഘവൻ അഭിനയിച്ച ബകാസുരൻ എന്നീ ചിത്രങ്ങളിലാണ് അവസാനം അഭിനയിച്ചത്. അഭിനേതാക്കൾ അമിത പ്രതിഫലം വാങ്ങുന്നുവെന്ന് ഈയിടെ വിമർശിച്ചിരുന്നു.