പോക്‌സോ കേസിലെ അറസ്റ്റ്, മകനെ നിയമത്തിന് വിട്ടു കൊടുത്തതെന്ന് കേന്ദ്രമന്ത്രി
അറസ്റ്റ് ചെയ്‌തതെന്ന് തെലങ്കാന പൊലീസ്
ന്യൂഡൽഹി: പോക്‌സോ കേസിൽ അറസ്റ്റിലായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ ബണ്ടി സായി ഭഗീരഥ് ചെർലാപള്ളി സെൻട്രൽ ജയിലിൽ. ഹൈദരാബാദിലെ മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ്
ചെയ്യുകയായിരുന്നു. മകനെ നിയമത്തിനു വിട്ടു കൊടുത്തതാണെന്നാണ് സഞ്ജയ് കുമാറിന്റെ വാദം. എന്നാൽ
കീഴടങ്ങലല്ല, അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് സൈബരാബാദ് കമ്മിഷണർ രമേഷ് റെഡ്‌ഡി വ്യക്തമാക്കി. തെലങ്കാന പൊലീസ് അക്കാഡമിക്ക് സമീപം അപ്പ ജംഗ്ഷനിൽ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭഗീരഥിന്റെ മുൻകൂർ ജാമ്യാപേക്ഷ തെലങ്കാന ഹൈക്കോടതി തള്ളിയതിനുപിന്നാലെയായിരുന്നു അറസ്റ്റ്. ഒരു തെറ്റും ചെയ്‌തിട്ടില്ലെന്നും നിയമപരമായി നേരിടുമെന്നും സഞ്ജയ് കുമാർ പ്രതികരിച്ചു. അതിനിടെ ബണ്ടി സഞ്ജയ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ബി.ആർ.എസ് വർക്കിംഗ് പ്രസിഡന്റ് കെ.ടി. രാമറാവു ആവശ്യപ്പെട്ടു.
ഭീഷണിപ്പെടുത്തലും
കഴിഞ്ഞ എട്ടിനാണ് 17കാരിയുടെ മാതാവ് സെക്കന്തരാബാദിലെ പെട് ബഷീറാബാദ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 2025ൽ ഭഗീരഥ് മകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. 2025 ഡിസംബർ 31ന് മദ്യപിച്ച ശേഷം അവളെ പീഡിപ്പിച്ചു. പിന്നീട് പലതവണ ലൈംഗികാതിക്രമം തുടർന്നു. കഴിഞ്ഞ ഏപ്രിൽ 21ന് മകളെ ഭീഷണിപ്പെടുത്തി. 23ന് കേന്ദ്രമന്ത്രിയെ നേരിട്ടുകണ്ട് കാര്യം പറഞ്ഞപ്പോൾ, ഭീഷണിപ്പെടുത്തി ഇറക്കിവിട്ടെന്നും കുടുംബം പറയുന്നു. ഹണിട്രാപ്പാണെന്നാണ് ഭഗീരഥ് ആരോപിക്കുന്നത്. പെൺകുട്ടിയെ വിവാഹം കഴിക്കാൻ സമ്മർദ്ദം ചെലുത്തുന്നു. 50,000 രൂപ നൽകി. ഇപ്പോൾ അഞ്ച് കോടി ആവശ്യപ്പെടുകയാണെന്നും കരീം നഗറിലെ ടൂ ഠൗൺ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഭഗീരഥ് പറയുന്നു.