17കാരിയെ ഇടിച്ചുതെറിപ്പിച്ചു, 9 വർഷത്തിനുശേഷം ശിക്ഷ 20,​000 രൂപ

Monday 18 May 2026 1:02 AM IST

മുംബയ്: സീബ്രാ ക്രോസിംഗിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന 17കാരിയെ ഇടിച്ചുതെറിപ്പിച്ച കേസിൽ ഡ്രൈവർക്ക് 20,000 രൂപ പിഴ. ഒമ്പത് വർഷങ്ങൾക്കുശേഷമാണ് വിധി. തുക ഇരയ്ക്ക് നൽകണമെന്നും മുംബയ് ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഡ്രൈവർ അശ്രദ്ധമായും അലക്ഷ്യമായും വാഹനമോടിച്ചെന്ന് കോടതി കണ്ടെത്തി. പിഴ ഒടുക്കിയില്ലെങ്കിൽ 30 ദിവസം തടവ് അനുഭവിക്കണം.

2017 മേയ് 28നാണ് കേസിനാസ്പദമായ സംഭവം. മുംബയ് മറൈൻ ഡ്രൈവിലെ സീബ്രാ ക്രോസിംഗ് മുറിച്ചുകടക്കുന്നതിനിടെ

നിധി ജെഠ്മലാനിയെ അന്നത്തെ റെയിൽവേ കമ്മിഷണറുടെ ഔദ്യോഗിക വാഹനമായ ടൊയോട്ട ഇന്നോവ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അമിതവേഗതയിലായിരുന്നു വാഹനം.

തലയ്ക്കും അരക്കെട്ടിനും ഗുരുതരമായി പരുക്കേറ്റ നിധിയെ ഡ്രൈവർ നാരായണസാമി പൂസാരിപ്പടയാച്ചിയും കമ്മിഷണറും ചേർന്ന് ആശുപത്രിയിലെത്തിച്ചു. തലയോട്ടിയിൽ ശസ്ത്രക്രിയയ്ക്കുവിധേയയായ നിധി മാസങ്ങളോളം അബോധാവസ്ഥയിലായിരുന്നു.