തമിഴ്നാട് മന്ത്രിസഭാ വികസനം രണ്ട് കോൺ. മന്ത്രിമാർ ടി.വി.കെ വനിതാ നേതാവ് താഹിറയ്ക്ക് സാദ്ധ്യത
ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി വിജയ് മന്ത്രിസഭ വിപുലീകരിക്കുന്നു. നാളെ രാവിലെ പത്തിന് രാജ്ഭവനിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുമെന്നാണ് വിവരം. രണ്ട് കോൺഗ്രസ് പ്രതിനിധികൾ മന്ത്രിസഭയിൽ ഇടംപിടിച്ചേക്കും. 1967ന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് അധികാര കസേരയിൽ കോൺഗ്രസ് എത്തുന്നത്. എന്നാൽ അണ്ണാ ഡി എം കെ.യിൽ നിന്നുള്ള വിമത എം എൽ എ.മാരുടെ മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. സഖ്യകക്ഷികളും പ്രതിപക്ഷവും അണ്ണാ ഡി.എം.കെയെ പിളർത്താനുള്ള വിജയ്‌ന്റെ നീക്കത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. കുതിരക്കച്ചവടം എന്നടക്കം വിമർശനം ഉയർന്ന സാഹചര്യത്തിൽ അണ്ണാ ഡി.എം.കെ യുടെ കാര്യത്തിൽ മുഖ്യമന്ത്രി എന്ത് തീരുമാനമെടുക്കുമെന്നത് ഏവരും ഉറ്റുനോക്കുകയാണ്. നിലവിൽ മുഖ്യമന്ത്രിയടക്കം പത്ത് മന്ത്രിമാരാണ് തമിഴ്നാട് സർക്കാരിലുള്ളത്. മന്ത്രിസഭാ വിപുലീകരണത്തിൽ ടി.വി.കെയിൽ നിന്ന് കൂടുതൽ അംഗങ്ങളുണ്ടാകും. റാണിപേട്ടിൽ നിന്നും വിജയിച്ച താഹിറ ബാനു മന്ത്രിയായേക്കും. എ.ഐ.സി.സി സെക്രട്ടറി പി.വിശ്വനാഥൻ, എസ്.രാജേഷ് കുമാർ എന്നിവരാകും കോൺഗ്രസ് മന്ത്രിമാരാകുക.
പ്രധാനമന്ത്രിയെ
കാണാൻ വിജയ്
22ന് മുഖ്യമന്ത്രി വിജയ് ന്യൂഡൽഹി സന്ദർശനത്തിന് പുറപ്പെടും. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ധനമന്ത്രി നി ർമ്മല സീതാരാമൻ എന്നിവരെ കാണും.
യാത്രയ്ക്കിടെ, സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്കുള്ള സാമ്പത്തിക സഹായം, മത്സ്യത്തൊഴിലാളി പ്രശ്നം, കേന്ദ്രസംസ്ഥാന ബന്ധം തുടങ്ങിയ വിഷയങ്ങൾ കേന്ദ്രമന്ത്രിമാരുമായി മുഖ്യമന്ത്രി ചർച്ച ചെയ്യും.