നീറ്ര് പരീക്ഷ: ഉയർന്ന പ്രായപരിധി വന്നേക്കും

Saturday 23 May 2026 12:09 AM IST

ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷ എഴുതുന്നത് നിശ്ചിത തവണയായി നിജപ്പെടുത്തുന്നതും ഉയർന്ന പ്രായപരിധി നിശ്ചയിക്കുന്നതും കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. നിലവിൽ ഇത് രണ്ടിനും നിയന്ത്രണങ്ങളില്ല. എത്ര തവണ വേണമെങ്കിലും പരീക്ഷയെഴുതാം. ഉയർന്ന പ്രായപരിധിയുമില്ല. പരീക്ഷയെഴുതാൻ 17 വയസ് തികയണമെന്നു മാത്രമാണ് നിലവിലെ നിബന്ധന.

നീറ്റ് യു.ജി ചോദ്യപേപ്പർ ചോർന്നത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നതിനിടെയാണ് നീക്കം. ക്രമക്കേടുകൾ ഒഴിവാക്കുക കൂടിയാണ് ലക്ഷ്യം. 2024ലെ ചോദ്യപേപ്പർ ചോർച്ചയ്‌ക്കു പിന്നാലെ പരീക്ഷാ നടത്തിപ്പിൽ പരിഷ്കാരങ്ങൾ നിർദ്ദേശിക്കാൻ ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ കെ.രാധാകൃഷ്‌ണൻ അദ്ധ്യക്ഷനായ വിദഗ്ദ്ധസമിതിയെ കേന്ദ്രം നിയോഗിച്ചിരുന്നു. സമിതി റിപ്പോർട്ടിലെ ശുപാർശ പ്രകാരമാണിത്.

കഴി‌ഞ്ഞദിവസം ചേർന്ന വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതിയിൽ ഇക്കാര്യം ചർച്ചയായിരുന്നു. സമിതി ശുപാർശകൾ ഓരോന്നായി നടപ്പാക്കി വരികയാണെന്ന് നാഷണൽ ടെസ്റ്രിംഗ് ഏജൻസി മേധാവി പ്രദീപ് കുമാർ ജോഷിയും, ഡയറക്‌ടർ ജനറൽ അഭിഷേക് സിംഗും അറിയിച്ചു. അതിനിടെ ചോദ്യപേപ്പർ ചോർച്ചയിൽ ഫിസിക്‌സ് ചോദ്യപേപ്പർ തയ്യാറാക്കിയ അദ്ധ്യാപികയായ പുനെയിലെ മനീഷ സഞ്ജയ് ഹവൽദാറിനെ സി.ബി.ഐ അറസ്റ്ര് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 12 ആയി.