ഹ്രസ്വദൂര അഗ്‌നി വിക്ഷേപണം വിജയം

Saturday 23 May 2026 12:37 AM IST

ന്യൂഡൽഹി: ആണവായുധ പോർമുന വഹിക്കാൻ ശേഷിയുള്ള ഹൃസ്വദൂര ബാലിസ്റ്റിക് മിസൈൽ 'അഗ്നി-1' ഒഡീഷ ചാന്ദിപ്പൂരിൽ നിന്ന് വിജയകരമായി പരീക്ഷിച്ചു. ഇന്ത്യൻ ന്യൂക്ലിയർ കമാൻഡ് അതോറിറ്റിക്ക് (എൻ‌.സി‌.എ) കീഴിലുള്ള സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ് (എസ്‌.എഫ്‌.സി) മേൽനോട്ടം വഹിച്ച പരീക്ഷണത്തിൽ മിസൈലിന്റെ കാര്യക്ഷമതയും സാങ്കേതികത്തികവും തെളിഞ്ഞു.

കഴിഞ്ഞ വർഷം ജൂലായിലും പരീക്ഷണം നടത്തിയിരുന്നു. ഡി‌.ആർ‌.ഡി‌.ഒ വികസിപ്പിച്ച മിസൈലിന് 700-1,200 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെ തകർക്കാൻ കഴിയും. 1,000 കിലോഗ്രാം വരെ ഭാരമുള്ള ആണവായുധ പോർമുന വഹിക്കാനുള്ള ശേഷിയാണ് മിസൈലിനെ നിർണായകമാകുന്നത്. മിസൈലിന് ഒറ്റഘട്ടത്തിൽ ഖര ഇന്ധനത്താൽ പ്രവർത്തിക്കുന്ന റോക്കറ്റാണുള്ളത്.

2004 മുതൽ സേനയുടെ ഭാഗമായ അഗ്നി-ഒന്നിന്റെ ആണവായുധ പോർമുന വഹിക്കാനുള്ള ശേഷിയും മറ്റ് സാങ്കേതിക വശങ്ങളുമാണ് സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ് പരീക്ഷിക്കുന്നത്.