ഉമർ ഖാലിദിന് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം

Saturday 23 May 2026 12:43 AM IST

 മാതാവിന്റെ ശസ്ത്രക്രിയ ആയതിനാൽ

ന്യൂഡൽഹി: ഡൽഹി കലാപക്കേസ് പ്രതിയും ആക്‌ടിവിസ്റ്റുമായ ഉമർ ഖാലിദിന് മൂന്നു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി. കർശന ഉപാധികളോടെയാണ് ജാമ്യം. ഉമറിന്റെ മാതാവിന് ജൂൺ 2ന് ശസ്ത്രക്രിയയാണ്. ഈ സാഹചര്യത്തിൽ 15 ദിവസത്തെ ജാമ്യം ആവശ്യപ്പെട്ടെങ്കിലും ജൂൺ 1,​2,​3 തീയതികളിൽ അനുവദിക്കുകയായിരുന്നു. ബന്ധുവിന്റെ മരണാനന്തര ചടങ്ങിലും പങ്കെടുക്കണമെന്ന് അറിയിച്ചിരുന്നു. ജാമ്യാവശ്യത്തെ ഡൽഹി പൊലീസ് ശക്തമായി എതിർത്തു. മൈനർ ശസ്ത്രക്രിയ മാത്രമാണെന്നും പെൺമക്കൾക്ക് നോക്കാവുന്നതേയുള്ളു എന്നും സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദിച്ചു. എന്നാൽ ജസ്റ്റിസുമാരായ പ്രതിഭ എം.സിംഗ്, മധു ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അനുകമ്പയോടെയുള്ള നിലപാട് സ്വീകരിക്കുകയായിരുന്നു. ഒരു ലക്ഷം രൂപ വിചാരണക്കോടതിയിൽ കെട്ടിവയ്‌ക്കണം, ഡൽഹി വിട്ടുപോകരുത്, ഒരു മൊബൈൽ ഫോൺ മാത്രമേ ഉപയോഗിക്കാവൂ തുടങ്ങിയവയാണ് ഉപാധികൾ. കേസിൽ അഞ്ചരവർഷത്തിലേറെയായി തിഹാർ ജയിലിലാണ് ഉമർ. 2020 സെപ്‌തംബ‌ർ 14നാണ് കസ്റ്രഡിയിലെടുത്തത്.