വിജയ്‌യെ വിമർശിച്ച ചാനലിനെതിരെ നടപടി
ചെന്നൈ: മുഖ്യമന്ത്രി വിജയ്‌യെ വിമർശിച്ചതിനുപിന്നാലെ തമിഴ്നാട്ടിലെ പ്രധാന വാർത്താ ചാനലുകളിലൊന്നായ 'പുതിയ തലമുറൈ"ക്കെതിരെ ടി.വി.കെ സർക്കാരിന്റെ പ്രതികാര നടപടി. സർക്കാരിന്റെ ഔദ്യോഗിക കേബിൾ നെറ്ര്‌വർക്കായ തമിഴ്നാട് അരശ് കേബിൾ ടി.വിയിൽ നിന്ന് ചാനൽ നീക്കം ചെയ്തു. നോട്ടീസ് നൽകാതെയാണ് നടപടി. തമിഴ്നാട്ടിലെ ക്രമസമാധാന പ്രശ്നങ്ങളെക്കുറിച്ചും ചെന്നൈ നീലാങ്കരയിലെ വീട്ടിൽ നിന്നുള്ള മുഖ്യമന്ത്രി വിജയ്‌യുടെ യാത്രകൾ കാരണം ജനങ്ങൾക്കും പൊലീസിനുമുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. ഡൽഹി സന്ദർശനത്തിനുശേഷം വിജയ് മാദ്ധ്യമങ്ങളോട് സംസാരിക്കാത്തതിനെയും വിമർശിച്ചിരുന്നു. പിന്നാലെയാണ് നടപടി. മാദ്ധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും ആരോപിച്ച് ചാനൽ അധികൃതരും വിവിധ മാദ്ധ്യമ സംഘടനകളും രംഗത്തെത്തി.