ന്യൂഡൽഹി: ചൈനയുമായുള്ള വടക്കൻ അതിർത്തിയിലെ സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും പ്രവചനാതീതമാണെന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. ഏത് സാഹചര്യവും നേരിടാൻ സേന സജ്ജമാണെന്നും
ജനുവരി 15ന്റെ സേനാ ദിന പത്രസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
വടക്കൻ അതിർത്തികളിലെ സ്ഥിതി സുസ്ഥിരവും നിയന്ത്രണവിധേയവുമാണ്. ഇന്ത്യൻ സേനയുടെ ജാഗ്രതയും തയ്യാറെടുപ്പും മൂലം നിരവധി പ്രശ്‌നങ്ങൾ പരിഹരിച്ചു. അതിർത്തി രാജ്യം ഏകപക്ഷീയമായി നിയന്ത്രണ രേഖ ലംഘിക്കാൻ നടത്തിയ ശ്രമങ്ങൾ ഇന്ത്യൻ സേന പരാജയപ്പെടുത്തി. അതിർത്തിയിൽ ചൈന കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. അരുണാചൽ അതിർത്തിയിലെ ഡോക്‌ലാമിൽ ഇന്ത്യ സ്ഥിതി നിരീക്ഷിക്കുകയാണ്.
പാകിസ്ഥാൻ അതിർത്തിയിൽ വെടിനിർത്തൽ നടപ്പായി. എന്നാൽ ഭീകര ഗ്രൂപ്പുകൾക്ക് പാകിസ്ഥാന്റെ സഹായം തുടരുകയാണ്. അക്രമങ്ങൾ കുറഞ്ഞെങ്കിലും അതിർത്തിയിൽ ജാഗ്രത വേണം.
മിക്ക വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സമാധാനം നിലനിറുത്താൻ കഴിഞ്ഞു.
ആർട്ടിലറി വിഭാഗത്തിൽ ഉടൻ വനിതാ ഓഫീസർമാരെ നിയമിക്കും. യുദ്ധസാഹചര്യങ്ങളെ നേരിടാനുള്ള ആയോധന കല കരസേന വികസിപ്പിച്ചിട്ടുണ്ട്. വിവിധ ആയോധന കലകൾ സംയോജിപ്പിച്ചാണിത്.
ജോഷിമഠിൽ സേനയ്‌ക്കും വെല്ലുവിളി
ഉത്തരാഖണ്ഡിലെ ജോഷിമഠിൽ കരസേനയുടെ പല കെട്ടിടങ്ങളിലും ചെറിയ വിള്ളലുകൾ കണ്ടതോടെ സൈനികരെ മാറ്റിപ്പാർപ്പിച്ചു. സൈനികരെ ആവശ്യമെങ്കിൽ സ്ഥിരമായി ഔളിയിലേക്ക് മാറ്റും.
രക്ഷാപ്രവർത്തനത്തിൽ സൈന്യം സംസ്ഥാന സർക്കാരിനെ സഹായിക്കുന്നുണ്ടെന്നും ജനറൽ പാണ്ഡെ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |