ഒന്നര മണിക്കൂറോളം ലിഫ്റ്റിനുള്ളിൽ കുടുങ്ങി; ഏഴ് വയസുകാരന് ദാരുണാന്ത്യം

Wednesday 20 May 2026 12:16 AM IST

പുനെ: ബഹുനില കെട്ടടത്തിലെ ലിഫ്‌റ്റിനുള്ളിൽ കുടുങ്ങി ഏഴ് വയസുകാരൻ മരിച്ചു. പുനെ സിൻഹഗഡ് റോഡിലെ നിംബാജി നഗറിലുള്ള സിദ്ധി വിനായക് അപ്പാർട്ട്‌മെന്റിലാണ് സംഭവം നടന്നത്. ശിവാംശ് ശൈലേഷ് ധൂത് എന്ന കുട്ടിയാണ് മരിച്ചത്. പൊലീസ് നൽകുന്ന വിവരമനുസരിച്ച്, ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. പതിവുപോലെ ഫ്ളാറ്റിന് താഴെ കളിച്ചുകൊണ്ടിരുന്ന ശിവാംശ് ഇതിനിടെ ലിഫ്‌റ്റിൽ കയറി ബട്ടൺ അമർത്തുകയായിരുന്നു. താഴത്തെ നിലയിൽ നിന്നും മുകളിലേക്ക് പോയ ലിഫ്റ്റ് രണ്ടാം നിലയിൽ എത്തുന്നതിന് മുൻപായി പകുതിയിൽ വച്ച് പെട്ടെന്ന് നിലച്ചുപോയി. ഇതോടെ കുട്ടി ലിഫ്റ്റിനുള്ളിൽ കുടുങ്ങുകയായിരുന്നു.

കുട്ടിയെ കാണാതായതോടെ വീട്ടുകാരും മറ്റ് താമസക്കാരും ചേർന്ന് പരിസരമാകെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി 11.30 ഓടെയാണ് ലിഫ്റ്റ് പാതിവഴിയിൽ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി ലിഫ്റ്റ് വെട്ടിപ്പൊളിച്ച് കുട്ടിയെ പുറത്തെടുത്തപ്പോഴേക്കും അബോധാവസ്ഥയിലായിരുന്നു.

ലിഫ്റ്റിനുള്ളിലെ അടഞ്ഞ സ്ഥലത്ത് ദീർഘനേരം കുടുങ്ങിയതിനെത്തുടർന്നുണ്ടായ ശ്വാസതടസ്സമോ ഭയമോ ആകാം മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൃത്യമായ കാരണം വ്യക്തമാകൂ. ലിഫ്റ്റിന് സാങ്കേതിക തകരാറുകൾ ഉള്ളതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികൾ നടത്തേണ്ട ചുമതല സൊസൈറ്റി മാനേജ്‌മെന്റിനാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.