സർക്കാർ പരിപാടികളിൽ വന്ദേമാതരം നിർബന്ധം; പുതിയ മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം

Wednesday 11 February 2026 10:01 AM IST

ന്യൂഡൽഹി: എല്ലാ സർക്കാർ പരിപാടികളിലും വിദ്യാലയങ്ങളിലും ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധമാക്കി കേന്ദ്രം. ആഭ്യന്തര മന്ത്രാലയം ഇന്ന് രാവിലെയാണ് ഇതുസംബന്ധിച്ച് മാർഗനിർദേശം പുറത്തിറക്കിയത്. ദേശീയ ഗീതം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും പുതിയ നിയമത്തിൽ നിഷ്കർഷിക്കുന്നു.

പത്മ പുരസ്കാരങ്ങൾ പോലുള്ള സിവിലിയൻ അവാർഡ് ദാന ചടങ്ങുകളിലും രാഷ്ട്രപതി പങ്കെടുക്കുന്ന മറ്റെല്ലാ പരിപാടികളിലും തിയേറ്ററുകൾ പോലുള്ള പൊതുഇടങ്ങളിലും ഇത് ആലപിക്കാം. എന്നാൽ തിയേറ്ററിൽ പൊതുജനം എഴുന്നേറ്റ് നിൽക്കണമെന്നത് നിർബന്ധമല്ല. 1937ൽ കോൺഗ്രസ് ഒഴിവാക്കിയ നാലുപദ്യങ്ങൾ ചേർത്ത് ആറു പദ്യങ്ങളും ആലപിക്കാമെന്നാണ് നിർദേശം.

ദേശീയ ഗാനത്തിന് നിലവിലുള്ള പ്രോട്ടോക്കോളുകൾ ദേശീയ ഗീതത്തിനും ബാധകമാക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം പുതിയ നിർദേശങ്ങൾ മുന്നോട്ടുവച്ചത്. ദേശീയ ഗാനത്തിന് തുല്യമായ പദവി വന്ദേമാതരത്തിന് നൽക്കണമെന്നാവശ്യപ്പെട്ട് വിവിധ കോടതികളിൽ ഹർജികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ നീക്കം.

1971ലെ ദേശീയ ബഹുമതികളോടുള്ള അവഹേളനം തടയൽ നിയമത്തിൽ നിലവിൽ വന്ദേമാതരത്തിന് പ്രത്യേക സംരക്ഷണം നൽകുന്നില്ല. ഇത് ഭേദഗതി ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സർക്കാർ പരിഗണനയിലാണ്. കഴിഞ്ഞ വർഷം ഇതുസംബന്ധിച്ച് ബിജെപിയും കോൺഗ്രസും തമ്മിൽ വലിയ വാദപ്രതിവാദങ്ങൾ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ പുതിയ നിർദേശം വിവാദത്തിന് വഴിവയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല.