റീൽസ് കണ്ട് സമയം കളയുകയാണോ? ഇതിൽപ്പരം അപമാനം ഇനി വരാനില്ല; വീഡിയോ

Tuesday 12 May 2026 11:33 AM IST

ന്യൂഡൽഹി: കുടുംബം തകർക്കുന്നതിൽ സോഷ്യൽ മീഡിയുടെ പങ്ക് ചെറുതല്ല. റീൽസ് കാണുന്നതിനും റീൽസ് എടുക്കുന്നതിനും പലർക്കും സമയം തികയാറേ ഇല്ല. സോഷ്യൽ മീഡിയ അല്ലാതെ കുടുംബത്തിലെ അത്യാവശ്യകാര്യങ്ങൾപോലും ഇവർ ശ്രദ്ധിക്കുന്നില്ലെന്നതാണ് മറ്റൊരു ദുഃഖ സത്യം. ഇത്തരത്തിൽ സോഷ്യൽമീഡിയ കാരണം ശിഥിലമായൊരു കുടുംബത്തിന്റെ അവസ്ഥ വ്യക്തമാക്കുന്ന റീൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഭാര്യയുടെ കടുത്ത റീൽസ് ഭ്രമത്തിൽ കലിപൂണ്ട് ജീവിച്ചിരിക്കെ ഭാര്യയ്ക്ക് പിണ്ഡദാനം നടത്തുന്നതാണ് വീഡിയോയിലുള്ളത്. ഭർത്താവ് തന്നെയാണ് താൻ പിണ്ഡദാനം നടത്തുന്നതിന്റെ റീൽസ് ഷൂട്ടുചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തത്. ദമ്പതികൾ എവിടത്തുകാരാണെന്ന് വ്യക്തമല്ല.

യുവതി ഇൻസ്റ്റഗ്രാമിന് അടിമയായെന്ന് വ്യക്തമായതോടെ പല പ്രാവശ്യം ഭർത്താവ് വിലക്കിയതാണ്. പക്ഷേ, ഫലമുണ്ടായില്ല. പറഞ്ഞുവിലക്കാൻ ശ്രമിക്കുമ്പോൾ റീൽസിനുവേണ്ടി കൂടുതൽ സമയം ചെലവഴിക്കുകയായിരുന്നു. ഇത്തരത്തിലുള്ള ഒരാളുമായി ബന്ധം തുടരുന്നതിൽ കാര്യമില്ലെന്ന് മനസിലായതോടെ ഭർത്താവ് ബന്ധമുപേക്ഷിക്കാൻ തീരുമാനിച്ചു. ഇതിനായി പരാതി നൽകാനോ കൂടുംബകോടതിയെ സമീപിക്കാനോ അയാൾ മിനക്കെട്ടില്ല. പകരം ജീവിച്ചിരിക്കുന്ന ഭാര്യയുടെ ശവസംസ്കാരച്ചടങ്ങ് നടത്തി. തുടർന്നായിരുന്നു പിണ്ഡദാനം. മരിച്ചവർക്ക് മോക്ഷം ലഭിക്കുന്നതിനാണ് പിണ്ഡദാനം നടത്തുന്നത്.

ഗംഗാനദിയുടെ തീരത്ത് അടിവസ്ത്രം മാത്രം ധരിച്ചാണ് യുവാവ് പിണ്ഡദാനം ഉൾപ്പെടെ നടത്തിയത്. മാലചാർത്തിയ ഭാര്യയുടെ ചിത്രത്തിലേക്ക് ഇയാൾ പലതവണ തുപ്പുന്നത് വീഡിയോയിൽ വ്യക്തമാണ്. പിന്നാലെ പിണ്ഡംവച്ച ചോറും പൂക്കളും തോർത്തും ചിത്രത്തിനൊപ്പം നദിയിലേക്ക് ഒഴുക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോയ്ക്ക് താഴെ യുവാവിനെ എതിർത്തും അനുകൂലിച്ചും കമന്റുകളുടെ പ്രവാഹമാണ്.