പഞ്ചാബിനെ തകർത്തിട്ടും നായകന് തിരിച്ചടി, വിജയത്തിന് പിന്നാലെ അക്സർ പട്ടേലിന് 12 ലക്ഷം പിഴ ശിക്ഷ ചുമത്തി ബിസിസിഐ
ധർമ്മശാല: പഞ്ചാബ് കിംഗ്സിനെതിരായ വിജയത്തിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസ് നായകൻ അക്സർ പട്ടേലിന് തിരിച്ചടി. മത്സരത്തിൽ സ്ലോ ഓവർ റേറ്റ് നിലനിർത്തിയതിനെത്തുടർന്ന് 12 ലക്ഷം രൂപയാണ് താരത്തിന് ബിസിസിഐ പിഴ ശിക്ഷ ചുമത്തിയത്. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരം സീസണിൽ ഡൽഹി ക്യാപിറ്റൽസ് വരുത്തുന്ന ആദ്യ നിയമലംഘനമാണിതെന്ന് ബിസിസിഐ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഈ സീസണിൽ സ്ലോ ഓവർ റേറ്റ് നിലനിർത്തിയതിന് ശ്രേയസ് അയ്യർ, ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് ഇതിനോടകം തന്നെ പിഴ ശിക്ഷ ലഭിച്ചിട്ടുണ്ട്. പിഴ ലഭിച്ചെങ്കിലും, ഇന്നലെ നടന്ന ത്രില്ലർ പോരാട്ടത്തിൽ 211 റൺസ് എന്ന കൂറ്റൻ ലക്ഷ്യം മറികടന്ന് മൂന്ന് വിക്കറ്റിന്റെ ജയമാണ് ക്യാപിറ്റൽസ് സ്വന്തമാക്കിയത്. ഇതോടെ ഡൽഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമായി നിലനിൽക്കുന്നുണ്ട്. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് കിംഗ്സിനായി പ്രിയാൻഷ് ആര്യ (56), നായകൻ ശ്രേയസ് അയ്യർ (പുറത്താകാതെ 59), കൂപ്പർ കോണലി (38) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി ഒരുഘട്ടത്തിൽ 74 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ പതറിയിരുന്നു. എന്നാൽ നായകൻ അക്സർ പട്ടേലും (56), ഡേവിഡ് മില്ലറും (51) ചേർന്ന് മത്സരം തിരിച്ചുപിടിച്ചു. അവസാനമിറങ്ങിയ യുവതാരങ്ങളായ അശുതോഷ് ശർമ്മയും മാധവ് തിവാരിയും ചേർന്ന് 19ാം ഓവറിൽ തന്നെ വിജയം ഉറപ്പിച്ചു. മേയ് 17ന് രാജസ്ഥാൻ റോയൽസിനെതിരെയാണ് ഡൽഹിയുടെ അടുത്ത മത്സരം.