ന്യൂഡൽഹി: ഭാര്യ മാനസികമായി പീഡിപ്പിക്കുന്നതിന്റെ പേരിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന് വിവാഹമോചനം അനുവദിച്ച് ഡൽഹി കുടുംബ കോടതി. ഭാര്യ അയേഷ മുഖർജിക്കെതിരെ ധവാൻ കോടതിയിൽ ഉന്നയിച്ച ആരോപണങ്ങൾ അവർ എതിർത്തിരുന്നില്ല. ഇതോടെയാണ് കോടതി വിവാഹമോചനം നൽകിയത്.
ഇരുകൂട്ടരുടെയും പരസ്പര സമ്മതത്തോടെയായിരുന്നു വിവാഹമോചനം. വളരെ കാലം മുമ്പ് തന്നെ ഇവരുടെ ദാമ്പത്യം അവസാനിച്ചതാണ്. 2020 ഓഗസ്റ്റ് എട്ട് മുതൽ ഭാര്യാഭർത്താക്കന്മാരായി ഇരുവരും ജീവിച്ചിട്ടില്ല. വർഷങ്ങളോളം മകനോടൊപ്പം താമസിക്കാൻ ധവാനെ അയേഷ അനുവദിച്ചില്ല. ഇങ്ങനെ ധവാനെ മാനസികമായി വേദനിപ്പിച്ചതിന് ജഡ്‌ജി ഹരീഷ് കുമാർ അയേഷയെ കുറ്റപ്പെടുത്തി. മകനെ കാണാൻ പ്രത്യേക സമയം ധവാന് അനുവദിച്ചെങ്കിലും അദ്ദേഹത്തിനൊപ്പം കുട്ടിയെ വിടാൻ കോടതി വിസമ്മതിച്ചു. സ്കൂൾ അവധിക്കാലത്തിന്റെ പകുതി സമയം ധവാനും കുടുംബത്തിനുമൊപ്പം ചെലവഴിക്കാനായി കുട്ടിയെ ഇന്ത്യയിൽ അയക്കണമെന്നും കോടതി ഉത്തരവിട്ടു.
2012ലാണ് ശിഖർ ധവാനും അയേഷയും വിവാഹിതരായത്. 2014ൽ ഇവരുടെ മകൻ സൊരവർ ജനിച്ചു. 2021 സെപ്തംബർ മുതൽ ഇവർ പിരിഞ്ഞാണ് താമസിക്കുന്നത്. വിവാഹശേഷം ധവാനൊപ്പം ഇന്ത്യയിൽ താമസിക്കാമെന്ന് അയേഷ ഉറപ്പ് നൽകിയിരുന്നെങ്കിലും ആദ്യ വിവാഹത്തിലുള്ള പെൺമക്കൾക്കൊപ്പം ജീവിക്കാനായി ഇവർ ഓസ്ട്രേലിയയിലേയ്‌ക്ക് മടങ്ങി. ഈ കുട്ടികളെ നോക്കുന്നതിനുവേണ്ടി അയേഷ പണം ചോദിച്ചുവെന്ന കാര്യവും ധവാൻ കോടതിയിൽ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |