ഡല്‍ഹിയെ പിടിച്ചുകെട്ടി കൊല്‍ക്കത്ത; മികച്ച തുടക്കത്തിന് ശേഷം ചെറിയ സ്‌കോറില്‍ ഒതുങ്ങി

Friday 08 May 2026 9:23 PM IST

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 143 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ക്യാപിറ്റല്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സില്‍ ഒതുങ്ങി. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിന് ശേഷം മദ്ധ്യനിര പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്.ഏഴാമനായി ക്രീസിലെത്തി അഷുതോഷ് ശര്‍മ്മ നടത്തിയ ചെറുത്തുനില്‍പ്പാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് ടീമിനെ എത്തിച്ചത്.

പാത്തും നിസംഗ 50(29), കെഎല്‍ രാഹുല്‍ 23(14) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. 49 റണ്‍സാണ് ഈ സഖ്യം അടിച്ചെടുത്തത്. എട്ട് ഓവറില്‍ 74ന് ഒന്ന് എന്ന മികച്ച നിലയില്‍ നിന്നതിന് ശേഷമാണ് ക്യാപിറ്റല്‍സ് ബാറ്റിംഗ് തകര്‍ച്ച നേരിട്ടത്. നിതീഷ് റാണ 8(10), സമീര്‍ റിസ്‌വി 3(7), ട്രിസ്റ്റന്‍ സ്റ്റബ്‌സ് 2(4) എന്നിവര്‍ പെട്ടെന്ന് പുറത്തായി. ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ 11(22), അഷുതോഷ് ശര്‍മ്മ 39(28) എന്നിവര്‍ ചേര്‍ന്നാണ് സ്‌കോര്‍ 100 കടത്തിയത്.

വിപ്‌രാജ് നിഗം മൂന്ന് റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് 0(2), ലുങ്കി എങ്കിഡി 1*(1) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. കൊല്‍ക്കത്തയ്ക്കായി അനുകൂല്‍ റോയ്, കാര്‍ത്തിക് ത്യാഗി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ വൈഭവ് അറോറ, സുനില്‍ നരെയ്ന്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.