SignIn
Kerala Kaumudi Online
Friday, 08 May 2026 2.47 PM IST

ഒരു കപ്പലിനുള്ളിൽ ഭൂമിയിലെ ഏറ്റവും മാരകമായ വൈറസ്, മരുന്നില്ല; ഉള്ളിൽ ഇന്ത്യക്കാരും, ലോകം ആശങ്കയിൽ

Increase Font Size Decrease Font Size Print Page
m-v-hondius

മാഡ്രിഡ്: 'എം.വി ഹോണ്ടിയസ്' ആഡംബര കപ്പലിലെ ഹാന്റാ വൈറസ് വ്യാപനത്തിൽ ആശങ്കയിലാണ് ലോകം. ഭൂമിയിലുണ്ടായതിൽവച്ച് ഏറ്റവും മാരകവും അപൂർവവുമായ രോഗങ്ങളിലൊന്നാണിതെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) അറിയിക്കുന്നത്. ഹാന്റാ വൈറസ് ദീർഘനേരത്തെ സമ്പർക്കത്തിലൂടെയും വളരെ വ്യത്യസ്തമായിട്ടുമാണ് പടരുന്നത്. അതിനാൽ കൊവിഡിനെ പോലെ മറ്റൊരു മഹാമാരിയാകുമെന്ന ആശങ്ക വേണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ പറയുന്നു.

രണ്ട് ഇന്ത്യക്കാരടക്കം 149 പേരാണ് കപ്പലിലുള്ളത്. എലികൾ പടർത്തുന്ന ഹാന്റാ വൈറസ് ബാധിച്ച് ഹോണ്ടിയസിലെ മൂന്ന് യാത്രികരാണ് മരിച്ചത്. എട്ട് പേർ ചികിത്സയിലാണ്. 23 രാജ്യങ്ങളിൽ നിന്നുള്ളവരാണ് കപ്പലിലുള്ളത്. കപ്പലിലുള്ള ഇന്ത്യക്കാരായ ജീവനക്കാർ ആരാണെന്നും അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും വിവരം ലഭിച്ചിട്ടില്ല.

ആൻഡീസ് സ്ട്രെയിനിൽപ്പെട്ട ഹാന്റാ വൈറസാണ് രോഗം പടർത്തുന്നത്. മനുഷ്യരിൽ ബാധിക്കുന്ന ഈ രോഗം വായുവിലൂടെ പടരുന്നതല്ല. അടുത്ത ബന്ധം പുലർത്തുന്നവർ തമ്മിൽ, മനുഷ്യനിൽ നിന്ന് ചികിത്സിക്കുന്ന ഡോക്‌ടറിലേയ്ക്ക് എന്നിങ്ങനെ രോഗം പടരാം.

രോഗബാധ

ഭൂമിയുടെ തെക്കേ അറ്റത്തുള്ള നഗരമായ ഉഷുവയയിൽ പക്ഷിനിരീക്ഷണം നടത്തിയ ഡച്ച് ദമ്പതികൾക്കാണ് ആദ്യം രോഗം ബാധിച്ചത്. ദമ്പതികൾ നിലത്ത് കിടന്ന എലികളുടെ കാഷ്ഠത്തിൽ നിന്നുള്ള സൂക്ഷ്മ കണികകൾ ശ്വസിച്ചതായിരിക്കാം കാരണമെന്നാണ് അ‌ർജന്റീനിയൻ ഗവേഷകരുടെ നിഗമനം. കപ്പലിൽ കയറുന്നതിന് മുൻപുവരെ ഇവർക്ക് രോഗലക്ഷണങ്ങളില്ലായിരുന്നു.

ഏപ്രിൽ 11നാണ് ആദ്യ യാത്രക്കാരൻ കപ്പലിൽ മരിച്ചത്. മരണകാരണം അപ്പോൾ നിർണയിക്കാൻ കഴിഞ്ഞിരുന്നില്ല. ഏപ്രിൽ 24ന് അദ്ദേഹത്തിന്റെ മൃതദേഹം സെന്റ് ഹെലീനയിൽ ഇറക്കി സ്വദേശത്തേക്ക് കൊണ്ടുപോയപ്പോൾ ഭാര്യയും ഒപ്പമുണ്ടായിരുന്നു. ഏപ്രിൽ 27ന് മടക്കയാത്രയ്ക്കിടെ ഭാര്യക്ക് അസുഖം വന്നതായും പിന്നീട് ഇവർ മരിച്ചതായും ഓഷ്യൻവൈഡ് എക്സ്പെഡിഷൻസിന് വിവരം ലഭിച്ചു.

മേയ് രണ്ടിന് കപ്പലിൽവച്ച് ഒരു ജർമൻ പൗരൻ മരിച്ചു. ഇതോടെ ഡബ്ല്യു.എച്ച്.ഒ വിഷയത്തിൽ ഇടപെടുകയും കേപ് വെർഡെയിൽ കപ്പൽ നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. നിലവിൽ കപ്പൽ കേപ് വെർഡെയിൽ നിന്ന് പുറപ്പെട്ട് സ്പെയിനിലെ കാനറി ദ്വീപുകളിലെ ടെനറൈഫിലേക്ക് പോകുകയാണ്. ഗുരുതരാവസ്ഥയിലായ മൂന്ന് രോഗികളെ എയർ ആംബുലൻസിൽ ഒഴിപ്പിച്ചു. ശേഷിക്കുന്ന യാത്രക്കാരെ മേയ് 11ന് പുറത്തിറക്കും.

ഹാന്റാ വൈറസ്

വൈറസിന്റെ ലക്ഷണങ്ങൾ പ്രകടമാകാൻ എട്ട് ആഴ്ച വരെ നീണ്ടുനിൽക്കുമെന്നതിനാൽ കപ്പലിലെ യാത്രക്കാരിൽ രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും ഉയരാമെന്ന് ഡബ്ല്യു.എച്ച്.ഒ ചൂണ്ടിക്കാട്ടുന്നു. എലികളിലാണ് ഹാന്റാ വൈറസ് ജീവിക്കുന്നത്. ഇവ‌ർക്ക് രോഗലക്ഷണങ്ങളുണ്ടാകില്ല. ഇവയുടെ കാഷ്ഠവും മൂത്രവും ഉണങ്ങി വായുവിലൂടെ പകരുന്ന പൊടിയായി മാറുമ്പോഴാണ് വൈറസ് മനുഷ്യർക്ക് മാരകമാകുന്നത്. എലിയെ തൊട്ടില്ലെങ്കിലും വായുവിലൂടെ രോഗബാധിതരാകും.

ഇന്ത്യയുൾപ്പെടെ ഏഷ്യയിലും യൂറോപ്പിലും ഈ വൈറസ് വൃക്കകളെയാണ് ബാധിക്കുന്നത്. ഗുരുതരമാണെങ്കിലും അതിജീവിക്കാൻ കഴിയും. അമേരിക്കയിൽ ഇത് ശ്വാസകോശത്തെ ബാധിക്കുന്നു. കപ്പലിൽ കണ്ടെത്തിയ ആൻഡീസ് സ്ട്രെയിൻ അമേരിക്കൻ ഇനമാണ്. മരണനിരക്ക് 50 ശതമാനത്തിൽ വരെയെത്തും.

ലക്ഷണങ്ങൾ

പനി പോലെയാണ് ഇത് തുടങ്ങുന്നത്. തലവേദന, പേശിവേദന, തലകറക്കം എന്നിവയുമുണ്ടാകും. ആദ്യ അഞ്ച് ദിവസം സാധാരണ പനിപോലെ കാണപ്പെടും. രോഗം വർദ്ധിക്കുന്നതോടെ ശ്വാസകോശത്തിൽ ദ്രാവകങ്ങൾ നിറയും. ശ്വസന തടസമുണ്ടാവും. ശരീരം സ്തംഭനാവസ്ഥയിലാകും.

ഹാന്റാ വൈറസിന് വാക്സിൻ കണ്ടുപിടിച്ചിട്ടില്ല. പ്രത്യേക മരുന്നില്ല. തീവ്രപരിചരണം, ഓക്സിജൻ, ദ്രാവകങ്ങൾ, 24 മണിക്കൂറും നിരീക്ഷണം എന്നിവയാണ് ഏക ചികിത്സ. എംവി ഹോണ്ടിയസിൽ അതിജീവിച്ച രോഗികൾ വേഗത്തിൽ ആശുപത്രിയിലെത്തിയവരായിരുന്നു. ഈ രോഗത്തിൽ വേഗതയാണ് ഏക മരുന്ന്.

ഇന്ത്യയുടെ ആശങ്ക

ഇന്ത്യയിൽ ഹാന്റാ വൈറസ് മുൻപും റിപ്പോ‌ർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2008ൽ തമിഴ്‌നാട്ടിൽ വെയർഹൗസ് തൊഴിലാളികൾ, കർഷകർ, ആദിവാസി എലി പിടുത്തക്കാർ എന്നിവരിൽ 28 കേസുകൾ സ്ഥിരീകരിച്ചിരുന്നു. 2021ൽ ഒരു ക്വാറി തൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം യഥാർത്ഥ ആശങ്ക രോഗനിർണയം നടത്താതിരിക്കുന്നതാണ്. ഹാന്റാ വൈറസ് ഡെങ്കിയോ ലെപ്റ്റോസ്പൈറോസിസോ പോലെ കാണപ്പെടുന്നതിനാൽ ഡോക്ടർമാർ പലപ്പോഴും രോഗനിർണയത്തിന് നിർദേശിക്കാറില്ല. ഇതോടെ യഥാർത്ഥ രോഗം കണ്ടെത്താൻ വൈകുന്നു.

TAGS: HANTAVIRUS, M V HONDIUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.