ആര്‍സിബിക്ക് തോല്‍വി, ലക്‌നൗവിന്റെ വമ്പന്‍ ടോട്ടലിന് മുന്നില്‍ അടിതെറ്റി ചാമ്പ്യന്‍മാര്‍

Friday 08 May 2026 12:33 AM IST

ലക്‌നൗ: ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ആര്‍സിബിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ലീഗിലെ അവസാന സ്ഥാനക്കാരായ ലക്‌നൗ സൂപ്പര്‍ജയന്റ്്‌സ് ആണ് ബംഗളൂരുവിനെ വീഴ്ത്തിയത്. 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിയുടെ മറുപടി നിശ്ചിത 19 ഓവറുകളില്‍ 6 വിക്കറ്റ് നഷ്ടതത്തില്‍ 203 എന്ന സ്‌കോറില്‍ അവസാനിച്ചു. മഴ നിയമപ്രകാരം 9 റണ്‍സിനായിരുന്നു ലക്‌നൗവിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ലക്നൗ 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് നേടിയത്.

മഴ കാരണം രണ്ട് തവണ കളി നിര്‍ത്തി വയ്ക്കേണ്ടിവന്നതിനെ തുടര്‍ന്നാണ് മത്സരം 19 ഓവര്‍ ആക്കി ചുരുക്കിയത്. ഡിഎല്‍എസ് നിയമപ്രകാരം ആര്‍സിബിയുടെ വിജയലക്ഷ്യം 213 റണ്‍സ് ആയി പുനഃര്‍നിശ്ചയിക്കുകയായിരുന്നു. ലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് ഓപ്പണര്‍മാരായ ജേക്കബ് ബെഥല്‍ 4(5), വിരാട് കൊഹ്ലി 0(2) എന്നിവരുടെ വിക്കറ്റുകള്‍ സ്‌കോര്‍ബോര്‍ഡില്‍ ഒമ്പത് റണ്‍സ് മാത്രമുള്ളപ്പോള്‍ നഷ്ടമായി.

പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ദേവദത്ത് പടിക്കല്‍ 34(25)- ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ 61(31) സഖ്യം മൂന്നാം വിക്കറ്റില്‍ 95 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പടിക്കലും തൊട്ടുപിന്നാലെ വന്ന ജിതേഷ് ശര്‍മ്മ 1(3) യും പെട്ടെന്ന് മടങ്ങിയതോടെ ആര്‍സിബി പ്രതിരോധത്തിലായി. ഇംപാക്ട് സബ് ആയി ക്രീസിലെത്തിയ ടിം ഡേവിഡ് 40(17) ആര്‍സിബിക്ക് പുതുജീവന്‍ നല്‍കി. ക്രൂണാല്‍ പാണ്ഡ്യ 28*(16), റൊമാരിയോ ഷെപ്പേര്‍ഡ് 23*(15) സഖ്യം പോരാട്ടം തുടര്‍ന്നതോടെ മത്സരം അവസാന ഓവറിലേക്ക് നീണ്ടു.

ദിഗ്‌വേഷ് രാത്തി എറിഞ്ഞ ഈ ഓവറില്‍ 20 റണ്‍സ് കൂടി വേണമായിരുന്നു ആര്‍സിബിക്ക് ജയിക്കാന്‍. എന്നാല്‍ ആദ്യ മൂന്ന് പന്തുകളില്‍ നിന്ന് വെറും രണ്ട് റണ്‍സ് മാത്രമാണ് നേടാനായത്. ആകെ പത്ത് റണ്‍സ് മാത്രമേ ആര്‍സിബിക്ക് നേടാനായുള്ളു. എല്‍എസ്ജിക്കായി പ്രിന്‍സ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഷഹ്ബാസ് അഹമ്മദ് രണ്ട് വിക്കറ്റുകളും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി.

ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ലക്നൗവിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. സഹഓപ്പണര്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണി 17(24) റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ മാര്‍ഷ് ഗ്രൗണ്ടിന്റെ എല്ലാവശത്തേക്കും ഷോട്ടുകള്‍ പായിച്ചു. ഒമ്പത് വീതം ഫോറും സിക്സും ഉള്‍പ്പെടെയായിരുന്നു ഓസീസ് താരത്തിന്റെ സെഞ്ച്വറി. 56 പന്തുകളില്‍ നിന്ന് 111 റണ്‍സ് നേടിയാണ് മാര്‍ഷ് പുറത്തായി. നിക്കോളാസ് പൂരന്‍, ക്യാപ്റ്റന്‍ റിഷഭ് പന്ത് എന്നിവരും അതിവേഗം റണ്‍സ് കണ്ടെത്തിയതോടെയാണ് ലക്നൗ മികച്ച ടോട്ടലിലെത്തിയത്.

നിക്കോളാസ് പൂരന്‍ 23 പന്തുകളില്‍ നിന്ന് 38 റണ്‍സ് നേടിയപ്പോള്‍ റിഷഭ് പന്ത് 10 പന്തുകളില്‍ നിന്ന് നാല് ഫോറും രണ്ട് സിക്സറുകളും സഹിതം 32 റണ്‍സ് നേടി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം ഒരു റണ്‍ നേടി പുറത്താകാതെ നിന്നു. ആര്‍സിബിക്കായി ജോഷ് ഹേസില്‍വുഡ്, ക്രുണാല്‍ പാണ്ഡ്യ, റാസിക് ദാര്‍ സലാം എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.