പഞ്ചില്ലാതെ പഞ്ചാബിന് തുടര്‍ച്ചയായി അഞ്ചാം തോല്‍വി; തിലക് വര്‍മ്മ ഷോയില്‍ മുംബയ്ക്ക് നാലാം ജയം

Thursday 14 May 2026 11:28 PM IST

ധരംശാല: ഐപിഎല്‍ സീസണില്‍ തുടര്‍ച്ചയായ അഞ്ചാം തോല്‍വി വഴങ്ങി പഞ്ചാബ് കിംഗ്‌സ്. ആറ് വിക്കറ്റുകള്‍ക്കാണ് മുംബയ് ഇന്ത്യന്‍സ് പഞ്ചാബിനെ തോല്‍പ്പിച്ചത്. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന തിലക് വര്‍മ്മയാണ് മുംബയുടെ വിജയശില്‍പ്പി. 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബയ് ഒരു പന്ത് ബാക്കി നില്‍ക്കെയാണ് നാല് വിക്കറ്റ് നഷ്ടത്തില്‍ ജയിച്ച് കയറിയത്. അതേസമയം ആദ്യ ആറ് മത്സരങ്ങള്‍ തോല്‍വി അറിയാതെ മുന്നേറിയ പഞ്ചാബ് തുടര്‍തോല്‍വികളില്‍ വലയുകയാണ്. ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ പോലും തുലാസിലായിരിക്കുകയാണിപ്പോള്‍.

വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബയ്ക്കായി മികച്ച തുടക്കമാണ് ഓപ്പണര്‍ റയാന്‍ റിക്കിള്‍ടണ്‍ നല്‍കിയത്. 23 പന്തുകളില്‍ നിന്ന് 48 റണ്‍സാണ് ദക്ഷിണാഫ്രിക്കന്‍ താരം നേടിയത്. എന്നാല്‍ മറുവശത്ത് രോഹിത് ശര്‍മ്മ 25(26) റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ടു. നമന്‍ ധീര്‍ 9(6) റണ്‍സ് മാത്രം നേടി പുറത്തായി. വിന്‍ഡീസ് പവര്‍ ഹിറ്റര്‍ ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡിനും 20(21) വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞില്ല.

എന്നാല്‍ ഒരുവശത്ത് തിലക് വര്‍മ്മ നിലയുറപ്പിക്കുകയും വേഗത്തില്‍ റണ്‍സ് കണ്ടെത്തുകയും ചെയ്തത് മുംബയ്ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. ആറാമനായി ക്രീസിലെത്തിയ വില്‍ ജാക്‌സും താളം കണ്ടെത്തിയതോടെ മുംബയ് ജയത്തിലേക്ക് നീങ്ങി. തിലക് വര്‍മ്മ 33 പന്തില്‍ 75 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ വില്‍ ജാക്‌സ് 10 പന്തില്‍ 25 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി.

ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് നേടിയത്. മദ്ധ്യ നിരയില്‍ ആരും തിളങ്ങാത്തതാണ് പഞ്ചാബിന് തിരിച്ചടിയായത്. അവസാന ഓവറുകള്‍ മുബയ് ബൗളര്‍മാര്‍ വാരിക്കോരി റണ്‍സ് വഴങ്ങിയതോടെയാണ് ടീം സ്‌കോര്‍ 200ല്‍ എത്തിയത്. ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ 22(17) റണ്‍സ് നേടി പുറത്തായപ്പോള്‍ സഹ ഓപ്പണര്‍ പ്രഭ്സിംറാന്‍ 32 പന്തുകളില്‍ നിന്ന് ആറ് ഫോറും നാല് സിക്സറും സഹിതം 57 റണ്‍സ് നേടി. കൂപ്പര്‍ കൊണോലി 21(22) റണ്‍സ് നേടി പുറത്തായി. ശ്രേയസ് അയ്യര്‍ 4(2), സൂര്യാന്‍ഷ് ഷെഡ്ഗെ 8(5), ശശാങ്ക് സിംഗ് 2(3) എന്നിവര്‍ നിരാശപ്പെടുത്തി.

അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായ് 38(17) ആണ് പിന്നീട് പിടിച്ചുനിന്നത്. മാര്‍ക്കോ യാന്‍സന്‍ 2(7) ബാറ്റിംഗില്‍ കാര്യമായി സംഭാവന നല്‍കാനാകാതെ മടങ്ങി. ഇംപാക്ട് സബ് ആയി എത്തിയ മലയാളി താരം വിഷ്ണു വിനോദ് 15*(8), സേവ്യര്‍ ബാര്‍ട്ലെറ്റ് 18*(7) എന്നിവര്‍ പുറത്താകാതെ നിന്നു. മുംബയ്ക്കായി ഷാര്‍ദുല്‍ താക്കൂര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ദീപക് ചഹാറിന് രണ്ട് വിക്കറ്റ് ലഭിച്ചു. കോര്‍ബിന്‍ ബോഷ്, രാജ് ബാവ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.