
വേനൽക്കാലത്തെ നേരിടാനായി ആളുകൾ സ്ഥിരം ആശ്രയിക്കുന്ന ഒരു ഫലമാണ് തണ്ണിമത്തൻ. എന്നാൽ, അടുത്തിടെയായി തണ്ണിമത്തനിൽ നിന്നും ഭക്ഷ്യവിഷബാധയേൽക്കുന്ന സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഛത്തീസ്‌ഗഡിലെ ജഞ്ജഗിർ ജില്ലയിൽ നിന്നാണ് ഏറ്റവും ഒടുവിലത്തെ വാർത്ത പുറത്തുവരുന്നത്. മുറിച്ചതിനുശേഷം മണിക്കൂറുകളോളം തുറന്നുവച്ച തണ്ണിമത്തൻ കഴിച്ചതിനെ തുടർന്ന് 15 വയസുകാരൻ മരണപ്പെടുകയും മൂന്ന് കുട്ടികൾക്ക് അസ്വസ്ഥതയുണ്ടാവുകയും ചെയ്‌തു. രാജ്യവ്യാപകമായി വലിയ ആശങ്കകൾക്കാണ് ഈ സംഭവം വഴിതുറന്നത്.
റിപ്പോർട്ടുകൾ പ്രകാരം, രാവിലെ മുറിച്ച തണ്ണിമത്തൻ വൈകുന്നേരമാണ് കുട്ടികൾ കഴിച്ചത്. തുടർന്ന് ഛർദ്ദിയും കടുത്ത വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. കുട്ടികളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിൽ കഴിയുന്നതിനിടെ ഒരാൾക്ക് മരണം സംഭവിച്ചു. ഭക്ഷ്യവിഷബാധയും ബാക്‌ടീരിയ ബാധയുമാണ് രോഗകാരണമെന്നാണ് ഡോക്‌ടർമാരുടെ നിഗമനം. ഈ സാഹചര്യത്തിൽ മുറിച്ചുവച്ച തണ്ണിമത്തൻ ഏറെ വൈകിയതിനുശേഷം കഴിക്കാമോയെന്ന സംശയം പലരിലും പ്രകടമാണ്.
മുറിച്ച തണ്ണിമത്തൻ എത്ര നേരം സുരക്ഷിതമായിരിക്കും?
ഭക്ഷ്യസുരക്ഷാ വിദഗ്ദ്ധർ പറയുന്നതനുസരിച്ച്, മുറിച്ച തണ്ണിമത്തൻ സാധാരണ താപനിലയിൽ പരമാവധി രണ്ട് മണിക്കൂർവരെ മാത്രമെ സൂക്ഷിക്കാൻ പാടുള്ളു. ചൂടുള്ള കാലാവസ്ഥയിൽ ഇത് ഒരു മണിക്കൂറായി കുറയാം. മുറിച്ച തണ്ണിമത്തന്റെ ഈർപ്പമുള്ള ഭാഗത്ത് ബാക്‌ടീരിയകൾ വളരാനുള്ള സാദ്ധ്യത കൂടുതലായതിനാലാണ് വേഗത്തിൽ കഴിച്ചുതീർക്കണമെന്ന് പറയുന്നത്. മുറിച്ച തണ്ണിമത്തൻ മണിക്കൂറുകളോളം പുറത്ത് വച്ച ശേഷം പിന്നീട് ഫ്രിഡ്‌ജിലേക്ക് മാറ്റുന്ന രീതി ഒഴിവാക്കണം. ഇങ്ങനെ ചെയ്യുമ്പോൾ കൂടുതൽ വേഗത്തിൽ ബാക്‌ടീരിയകൾ വളരുന്നതായാണ് പഠനങ്ങൾ തെളിയിക്കുന്നത്.
ഫ്രിഡ്‌ജിൽ എത്ര ദിവസം സൂക്ഷിക്കാം?
മുറിച്ച തണ്ണിമത്തൻ വായു കടക്കാത്ത വിധമുള്ള പാത്രങ്ങളിലാക്കി മൂന്ന് മുതൽ അഞ്ച് ദിവസംവരെ സുരക്ഷിതമായി സൂക്ഷിക്കാനാകും. എന്നാൽ രുചിയിലും ഘടനയിലും പോരായ്‌മകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
സുരക്ഷിതമായി ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മുറിച്ചുവച്ച പഴങ്ങൾ വേനൽക്കാലത്ത് കേടാകാനുള്ള സാദ്ധ്യത കൂടുതലാണ്. അതിനാൽ പ്രീ-കട്ട് പഴങ്ങൾ വാങ്ങുന്നത് പരാമാവധി കുറയ്‌ക്കുകയും മുറിച്ച പഴങ്ങൾ സമയബന്ധിതമായി കഴിച്ചുതീർക്കുകയും ചെയ്യണമെന്ന് ആരോഗ്യവിദഗ്‌ദ്ധർ നിർദേശിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |