
ന്യൂഡൽഹി: ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം. ഗുജറാത്തിൽ നിന്നുള്ള ചരക്ക് കപ്പലിനുനേരെയാണ് ആക്രമണം നടന്നത്. കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും ഒമാൻ ഉദ്യോഗസ്ഥർ സുരക്ഷിതരാക്കിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. പശ്ചിമേഷ്യൻയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കപ്പലിനുനേരെയുണ്ടായ ആക്രമണം സമുദ്ര സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചു.
ഗുജറാത്തിലെ ദ്വാരക ജില്ലയിലെ സലയ തുറമുഖത്താണ് കപ്പൽ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ബുധനാഴ്‌ച പുലർച്ചെ സൊമാലിയയിൽ നിന്ന് ഷാർജയിലേക്ക് കന്നുകാലികളുമായി പോകുമ്പോഴാണ് ആക്രമണം നടന്നത്. ഒമാന്റെ വടക്കൻ തീരമായ ലിമയ്‌ക്ക് സമീപമെത്തിയപ്പോൾ കപ്പലിൽ മിസൈൽ പോലുള്ളതെന്തോ പതിക്കുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് കപ്പലിൽ തീപിടിത്തമുണ്ടാവുകയും കടലിൽ മുങ്ങുകയുമായിരുന്നു.
ഒമാൻ കോസ്റ്റ് ഗാർഡ് രക്ഷാപ്രവർത്തനം ആരംഭിക്കുകയും എല്ലാ ക്രൂ അംഗങ്ങളെയും ദീബ തുറമുഖത്ത് സുരക്ഷിതമായി എത്തിക്കുകയും ചെയ്തു. കപ്പലിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്ന് കപ്പൽ ഉടമ സുൽത്താൻ അഹമ്മദ് സംഘറും സ്ഥിരീകരിച്ചു.
കപ്പലിനു നേരെയുണ്ടായ ആക്രമണത്തെ അസ്വീകാര്യമെന്നാണ് വിദേശകാര്യമന്ത്രാലയം വിശേഷിപ്പിച്ചത്. 'വാണിജ്യ കപ്പൽ ഗതാഗതത്തെയും സിവിലിയൻ നാവികരെയും ഇപ്പോഴും ലക്ഷ്യമിടുന്നതിൽ ഖേദിക്കുന്നു. ജീവനക്കാരെ രക്ഷപ്പെടുത്തിയ ഒമാൻ അധികൃതരോട് നന്ദി അറിയിക്കുന്നു'- വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിരപരാധികളായ കപ്പൽ ജീവനക്കാരെ അപകടത്തിലാക്കുന്നതും നാവിഗേഷൻ, വാണിജ്യ സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നതുമായ നടപടികൾ ഒഴിവാക്കണമെന്നും ഇന്ത്യ ആവർത്തിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |