തിലക് വര്‍മ്മയ്ക്ക് ഫിഫ്റ്റി, മുംബയെ 166ല്‍ ഒതുക്കി ആര്‍സിബി

Sunday 10 May 2026 9:35 PM IST

റായ്പൂര്‍: ഐപിഎല്ലില്‍ മുംബയ് ഇന്ത്യന്‍സിനെതിരെ ആര്‍സിബിക്ക് 167 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബയ് നിശ്ചിത ഓവറുകളില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ തിലക് വര്‍മ്മയാണ് മുംബയ് നിരയിലെ ടോപ് സ്‌കോറര്‍. മുംബയെ പരാജയപ്പെടുത്തിയാല്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ബംഗളൂരുവിന് രണ്ടാം സ്ഥാനത്തേക്ക് ഉയരാനാകും.

ഓപ്പണര്‍ റയാന്‍ റിക്കള്‍ടണിന്റെ വിക്കറ്റ് 2(4) ആണ് ആദ്യം നഷ്ടമായത്. മികച്ച ഫോമിലുള്ള രോഹിത് ശര്‍മ്മ പത്ത് പന്തുകളില്‍ നിന്ന് രണ്ട് വീതം ഫോറും സിക്‌സും നേടി നില്‍ക്കവെ 22 റണ്‍സ് നേടി പുറത്തായത് മുംബയ്ക്ക് തിരിച്ചടിയായി. നാലാമനായി എത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നേരിട്ട ആദ്യ പന്തില്‍ പൂജ്യത്തിന് പുറത്തായതോടെ 28ന് മൂന്ന് എന്ന നിലയിലേക്ക് മുംബയ് വീണു. നാലാം വിക്കറ്റില്‍ നമന്‍ ധീര്‍ 47(32) - തിലക് വര്‍മ്മ 57(42) സഖ്യം മുംബയെ കരകയറ്റി. 82(57) റണ്‍സാണ് സഖ്യം നേടിയത്.

ഇരുവരും പുറത്തായ ശേഷം പിന്നീട് വന്നവര്‍ക്ക് റണ്‍നിരക്ക് ഉയര്‍ത്താന്‍ കഴിയാതെ വന്നതാണ് മുംബയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. വില്‍ ജാക്‌സ് 10(10), രാജ് ബാവ 16(14) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കോര്‍ബിന്‍ ബോഷ് 5*(5), ദീപക് ചഹാര്‍ 1*(2) എന്നിവര്‍ പുറത്താകാതെ നിന്നു. ആര്‍സിബിക്കായി വെറ്ററന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ഹേസില്‍വുഡ്, റാസിക് സലാം ദാര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.