അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം റഹ്മത് ഷാ അന്തരിച്ചു? അനുശോചന കുറിപ്പിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ
കാബൂൾ: അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം റഹ്മത് ഷാ (32) അന്തരിച്ചെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വാർത്ത വ്യാജമാണെന്ന് തെളിഞ്ഞു. അഫ്ഗാൻ ഓൾറൗണ്ടർ കരീം ജനത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച അനുശോചന കുറിപ്പാണ് ആരാധകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചത്. റഹ്മത് ഷായുടെ ചിത്രത്തിനൊപ്പമായിരുന്നു കരീം ജനത് പോസ്റ്റ് പങ്കുവച്ചത്. എന്നാൽ റഹ്മത് ഷായല്ല, അദ്ദേഹത്തിന്റെ മാതാവാണ് മരണപ്പെട്ടതെന്നും ഭാഷാ വിവർത്തനത്തിൽ ഉണ്ടായ പിഴവാണ് വാർത്ത മാറിമറിയാൻ കാരണമായതെന്നും പിന്നീട് വ്യക്തമായി.
കരീം ജനത് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പഷ്തോ ഭാഷയിലാണ് അനുശോചന സന്ദേശം കുറിച്ചത്. എന്നാൽ ഇൻസ്റ്റഗ്രാമിലെ ഇൻബിൽറ്റ് ഓട്ടോമാറ്റിക് ട്രാൻസ്ലേഷൻ വഴി ഇത് ഇംഗ്ലീഷിലേക്ക് മാറിയപ്പോൾ കൂടുതൽ അർത്ഥവ്യത്യാസം സംഭവിക്കുകയായിരുന്നു.
'അഫ്ഗാനിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിലെ താരം റഹ്മത് ഷായുടെ വിയോഗ വാർത്ത വലിയ സങ്കടത്തോടെയാണ് ഞാൻ കേട്ടത്. ഈ വലിയ ദുരന്തം എന്നെയും എല്ലാ ക്രിക്കറ്റ് ആരാധകരെയും ആഴത്തിൽ വിഷമിപ്പിക്കുന്നു...'- ഇതായിരുന്നു സന്ദേശം. ഇതോടെ റഹ്മത് ഷായാണ് മരിച്ചതെന്ന് ആരാധകർ തെറ്റിദ്ധരിക്കുകയും വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ചപ്പോഴാണ് വിവർത്തനത്തിൽ സംഭവിച്ച പിഴവ് പുറത്തുവന്നത്. 'ദേശീയ ക്രിക്കറ്റ് താരം റഹ്മത് ഷായുടെ അമ്മയുടെ മരണവാർത്ത എന്നെ ഏറെ സങ്കടപ്പെടുത്തി. ഈ വിയോഗം എന്നെയും മറ്റ് ക്രിക്കറ്റ് പ്രേമികളെയും ഒരേപോലെ ദുഃഖത്തിലാഴ്ത്തുന്നതാണ്. റഹ്മത് ഷായുടെയും കുടുംബത്തിന്റെയും വിഷമത്തിൽ ഞാനും പങ്കുചേരുന്നു. പരേതയ്ക്ക് അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ'.- ഇതാണ് പഷ്തോ ഭാഷയിലുള്ള യഥാർത്ഥ പോസ്റ്റിന്റെ കൃത്യമായ തർജ്ജമ.
യഥാർത്ഥ വിവരം പുറത്തുവതോടെയാണ് ആരാധകർക്ക് ശ്വാസം നേരെ വീണത്. സോഷ്യൽ മീഡിയയിൽ ഇത്തരം വാർത്തകൾ പങ്കുവയ്ക്കുന്നതിന് മുൻപ് വസ്തുതകൾ പരിശോധിക്കണമെന്ന് ആരാധകർ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ബംഗ്ലാദേശിനെതിരെ നടന്ന ഏകദിന പരമ്പരയിലാണ് റഹ്മത് ഷാ അവസാനമായി അഫ്ഗാനിസ്ഥാനായി കളിച്ചത്. പരമ്പരയിലെ മൂന്നാം മത്സരത്തിന് മുൻപ് പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹത്തിന് ടീമിൽ നിന്നും വിശ്രമം അനുവദിക്കുകയായിരുന്നു.