രോഹിത്തിനൊപ്പം ഒരു സെൽഫി; ഫോൺ പണി കൊടുത്തു, ഒടുവിൽ ആരാധികയുടെ 'ഹാപ്പി എൻഡിംഗ്'; ​ വീഡിയോ വൈറൽ

Saturday 09 May 2026 9:27 PM IST

മുംബയ്: സെൽഫി എടുക്കുന്നതിനിടെ ആരാധികയുടെ ഫോൺ അബദ്ധത്തിൽ ഓഫായിട്ടും, അത് ഓണാകുന്നത് വരെ കാത്തുനിന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മ. മുംബയ് ഇന്ത്യൻസിന്റെ മത്സരത്തിന് മുന്നോടിയായി ടീം ബസിനടുത്ത് വച്ച് നടന്ന രസകരമായ ഫാൻ ഗേൾ മൊമെന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രോഹിത് ടീം ബസിലേക്ക് കയറാൻ പോകുന്നതിനിടെയായിരുന്നു സംഭവം .

ഈ സമയം ഒരു യുവതി സെൽഫിക്കായി രോഹിത്തിനടുത്തേക്ക് ഓടിയെത്തി. തിരക്കിനിടയിലും രോഹിത് അവർക്കൊപ്പം പോസ് ചെയ്യാൻ തയ്യാറാവുകയായിരുന്നു. എന്നാൽ സെൽഫിയെടുക്കാൻ നോക്കിയപ്പോൾ യുവതിയുടെ ഫോൺ അപ്രതീക്ഷിതമായി ഓഫായി. ടീം ബസ് പുറപ്പെടാൻ തയ്യാറെടുക്കുന്നതിനാൽ രോഹിത് പോകാൻ തിടുക്കം കാണിച്ചെങ്കിലും, ഫോൺ ശരിയാക്കുന്നത് വരെ കാത്തുനിൽക്കാൻ ആരാധിക താരത്തോട് അഭ്യർത്ഥിച്ചു.

അല്പം നീരസം പ്രകടിപ്പിച്ചെങ്കിലും, അവരെ നിരാശയാക്കാതെ രോഹിത് അവിടെത്തന്നെ കാത്തുനിന്നു. ഒടുവിൽ ഫോൺ ഓണായപ്പോൾ സെൽഫി പകർത്തി. ഫോട്ടോ എടുത്തതിന് പിന്നാലെ സന്തോഷം സഹിക്കാനാവാതെ ആരാധിക തുള്ളിച്ചാടി നിലവിളിക്കുന്നതും വൈറൽ വീഡിയോയിൽ കാണാം. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ അവരെ അവിടെ നിന്നും പിടിച്ചു മാറ്റി. പുറത്തെ ഇത്തരം തമാശകൾക്കിടയിലും കളിക്കളത്തിൽ മികച്ച ഫോമിലാണ് രോഹിത്. പരിക്കിന് ശേഷം ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ നടന്ന മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് താരം കാഴ്ചവച്ചത്.