SignIn
Kerala Kaumudi Online
Friday, 19 June 2026 3.31 AM IST

27 കോടിയുടെ റെക്കാഡ് തുക, ഒടുവിൽ കനത്ത തിരിച്ചടി; ലക്‌നൗ സൂപ്പർ ജയന്റ്സ് നായകസ്ഥാനം ഒഴിഞ്ഞ് റിഷഭ് പന്ത്

READ ENGLISH VERSION
-rishabh-pant-

ലക്‌നൗ: ഐപിഎൽ 2026 സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ ലക്‌നൗ സൂപ്പർ ജയന്റ്സ് നായകസ്ഥാനം ഒഴിഞ്ഞ് വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത്. ക്യാപ്ടൻസിയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന പന്തിന്റെ ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചതായി ഫ്രാഞ്ചൈസി ഔദ്യോഗികമായി അറിയിച്ചു. ഇന്ന് പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് ലക്‌നൗ ടീം ഇക്കാര്യം വ്യക്തമാക്കിയത്.

'ക്യാപ്ടൻ സ്ഥാനത്തുനിന്നും ഒഴിയാനുള്ള റിഷഭ് പന്തിന്റെ അഭ്യർത്ഥന ലക്‌നൗ സൂപ്പർ ജയന്റ്സ് മാനേജ്‌മെന്റ് ഔദ്യോഗികമായി അംഗീകരിച്ചു. ഉടനടി പ്രാബല്യത്തിൽ വരുംവിധമാണ് പന്തിന്റെ രാജി സ്വീകരിച്ചിരിക്കുന്നത്'.- എൽഎസ്‌ജി ടീം മാനേജ്‌മെന്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

'റിഷഭ് തന്നെയാണ് ഈ അഭ്യർത്ഥനയുമായി ഞങ്ങളെ സമീപിച്ചത്. ഇത്തരം കഠിനമായ തീരുമാനങ്ങൾ എടുക്കുക ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഒരു നായകൻ എന്ന നിലയിൽ റിഷഭ് ഡ്രസിംഗ് റൂമിലേക്ക് കൊണ്ടുവന്ന ഊർജ്ജത്തിനും സംഭാവനകൾക്കും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. ടീമിന്റെ പുനർനിർമ്മാണത്തിലും മികച്ച നിലവാരത്തിലേക്ക് തിരിച്ചെത്തുന്നതിലുമാണ് ഇനി ഞങ്ങളുടെ പൂർണ ശ്രദ്ധ'.- എൽഎസ്‌ജി ക്രിക്കറ്റ് ഡയറക്ടർ ടോം മൂഡി പ്രതികരിച്ചു.


പന്തിന് പകരക്കാരനായി ടീമിനെ ആര് നയിക്കുമെന്ന കാര്യത്തിൽ ഫ്രാഞ്ചൈസി നിലവിൽ വ്യക്തത വരുത്തിയിട്ടില്ല. വരും സീസണിൽ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിടുന്ന ടീം, പുതിയ ക്യാപ്ടനെ ഉചിതമായ സമയത്ത് തന്നെ പ്രഖ്യാപിക്കുമെന്നാണ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്.

27 കോടി രൂപയെന്ന റെക്കാഡ് തുകയ്ക്കാണ് പന്തിനെ ലക്‌നൗ സ്വന്തമാക്കിയത്. എന്നാൽ അതിനുശേഷമുള്ള കഴിഞ്ഞ രണ്ട് സീസണുകളിലും ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ താരത്തിന് സാധിച്ചില്ല. പന്തിന്റെ ക്യാപ്ടൻസിയിൽ കഴിഞ്ഞ രണ്ട് സീസണുകളിൽ ഏഴ്, പത്ത് സ്ഥാനങ്ങളിലാണ് എൽഎസ്‌ജി ഫിനിഷ് ചെയ്തത്. താരത്തിന്റെ കരിയറിലെ ഏറ്റവും മോശം സീസണുകളിലൊന്നായിരുന്നു കടന്നുപോയത്. കളിച്ച 14 മത്സരങ്ങളിൽ 4 വിജയങ്ങൾ മാത്രം നേടിയ ടീം, എട്ട് പോയിന്റോടെ പട്ടികയിൽ ഏറ്റവും ഒടുവിലായാണ് പ്ലേ ഓഫ് കാണാതെ പുറത്തായത്. ക്യാപ്‌ടൻസിയിൽ മാത്രമല്ല, ബാറ്റിംഗിലും റിഷഭ് പന്തിന് ഈ സീസൺ നിരാശാജനകമായിരുന്നു. 14 മത്സരങ്ങളിൽ നിന്ന് 138.05 സ്‌ട്രൈക്ക് റേറ്റിൽ 312 റൺസ് മാത്രമാണ് താരം അടിച്ചെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SPORTS, LATESTNEWS, PANT, RISHABH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360