ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തിൽ ട്രിവാൻഡ്രം റോയൽസിനെ എട്ടുവിക്കറ്റിന് തോൽപ്പിച്ച് സഞ്ജു സാംസണിന്റെ കൊച്ചി ബ്ളൂ ടൈഗേഴ്സ്. ആദ്യം ബാറ്റ്ചെയ്ത റോയൽസ് നിശ്ചിത 20 ഓവറിൽ 97 റൺസിന് ആൾഔട്ടായി. മറുപടിക്കിറങ്ങിയ ബ്ളൂ ടൈഗേഴ്സ് 11.5 ഓവറിൽ ലക്ഷ്യം കണ്ടു. അർദ്ധസെഞ്ച്വറി നേടിയ നായകൻ സലി സാംസണും (50*) ഷാനുവും (23*) ചേർന്നാണ് കൊച്ചി ടീമിന് 49 പന്തുകൾ ബാക്കിനിൽക്കേ വിജയം നൽകിയത്.
എസ്.സുബിൻ(0), ക്യാപ്ടൻ കൃഷ്ണപ്രസാദ്( 11), ഗോവിന്ദ് ദേവ് പൈ (3) എന്നിവർ തുടക്കത്തിലേ റണ്ണൗട്ടായതാണ് റോയൽസിന് തിരിച്ചടിയായത്. ഈ ആഘാതത്തിൽ നിന്ന് കരകയറാൻ അവർക്ക് കഴിഞ്ഞതുമില്ല.മത്സരത്തിന്റെ ആദ്യ പന്തിൽതന്നെ സഞ്ജു സാംസണും സലി സാംസണും ചേർന്നാണ് സുബിനെ റൺഔട്ടാക്കിയത്.5.4 ഓവറിൽ 22/5 എന്ന നിലയിലായിരുന്നു റോയൽസ്. അബ്ദുൽ ബാസിത്(17),അഭിജിത് പ്രവീൺ (28),ബേസിൽ തമ്പി (20 ) എന്നിവർ ചേർന്നാണ് 97 വരെയെങ്കിലും എത്തിച്ചത്. ബ്ളൂ ടൈഗേഴ്സിന് വേണ്ടി അഖിൻ സത്താറും മുഹമ്മദ് ആഷിഖും മൂന്ന് വിക്കറ്റ് വീതംവീഴ്ത്തി.
സഞ്ജു ബാറ്റിംഗിനിറങ്ങിയില്ല
ചേസിംഗിൽ ചെറിയ സ്കോർ ആയതിനാലും ഇന്നലെ പകൽ ചെറിയ ചുമയുണ്ടായിരുന്നതിനാലും സഞ്ജു സാംസൺ ബാറ്റിംഗിന് ഇറങ്ങിയില്ല. ഡോക്ടറെ കണ്ടശേഷമാണ് സഞ്ജു കളിക്കാനെത്തി ഫീൽഡിംഗിനിറങ്ങിയത്. സഞ്ജുവിന്റെ അമ്മ കളി കാണാനെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |