കെ.സി.എൽ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊല്ലം സെയ്‌ലേഴ്സിന് ജയം
അവസാന ഓവറിൽ രണ്ട് സിക്സടിച്ച് , ഒറ്റ വിക്കറ്റിന് ജയിപ്പിച്ചത് ബിജു നാരായണൻ
തിരുവനന്തപുരം : കഴിഞ്ഞകൊല്ലം കപ്പടിച്ച കൊല്ലം സെയ്‌ലേഴ്സ് ഇക്കൊല്ലം ആദ്യ മത്സരത്തിൽ പുറത്തെടുത്തത് ആരാധകരെ ആവേശക്കൊടുമുടി കയറ്റിയ പ്രകടനം. കഴിഞ്ഞ ഫൈനലിലെ തോൽവിയുടെ കലിപ്പുതീർക്കാനിറങ്ങിയ കാലിക്കറ്റ് ഗ്ളോബ്സാർസിനെതിരെ ഒരു പന്തും ഒരു വിക്കറ്റും ബാക്കിയിരിക്കേ തുടർച്ചയായി രണ്ട് സിക്സുകൾ പറത്തിയാണ് കൊല്ലത്തിന്റെ സെയ്‌ലേഴ്സ് വെന്നിക്കൊടി പാറിച്ചത്. അവസാന മൂന്നുപന്തുകളിൽ ജയിക്കാൻ 12 റൺസ് വേണ്ടിയിരുന്ന കൊല്ലത്തിനായി നാലാം പന്ത് ലോംഗ് ഓണിനും അഞ്ചാം പന്ത് ലോംഗ് ഓഫിനും മുകളിലൂടെ സിക്സ് പറത്തി ബിജു നാരായണനാണ് ആവേശജയമൊരുക്കിയത്.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കാലിക്കറ്റ് 18 ഓവറിൽ 138 റൺസിന് ആൾഔട്ടാവുകയായിരുന്നു. മൂന്നോവറിൽ 16 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ഷറഫുദ്ദീനും നാലോവറിൽ 32 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് നേടിയ എ.ജി അമലും ഓരോ വിക്കറ്റ് നേടിയ ബിജു നാരായണനും നായകൻ സച്ചിൻ ബേബിയും ചേർന്നാണ് കാലിക്കറ്റിനെ എറിഞ്ഞൊതുക്കിയത്. 22 പന്തുകളിൽ മൂന്നുഫോറും ആറുസിക്സുകളുമടക്കം 54 റൺസ് നേടിയ നായകൻ രോഹൻ കുന്നുമ്മലാണ് ഷറഫിന്റേയും അമലിന്റേയും ആക്രമണത്തിനിടയിലും കാലിക്കറ്റിനെ 100കടത്തിയത്. സൽമാൻ നിസാർ (21), മനു കൃഷ്ണൻ (25),ഓപ്പണർ സുരേഷ് സച്ചിൻ (10) എന്നിവർ മാത്രമേ കാലിക്കറ്റ് നിരയിൽ രണ്ടക്കം കടന്നുള്ളൂ.
അഞ്ചാം ഓവറിൽ സച്ചിൻ സുരേഷിനെ ബിജുവിന്റെ കയ്യിലെത്തിച്ചു തുടങ്ങിയ ഷറഫുദ്ദീൻ അഖിൽ സ്കറിയ (7),ഹരികൃഷ്ണൻ (1), എസ്.മിഥുൻ(1) എന്നിവരെയും കൂടാരം കയറ്റി. അൻഫൽ (9),മനുകഷ്ണൻ,കൃഷ്ണദേവൻ(2) എന്നിവരെയാണ് അമൽ മടക്കി അയച്ചത്. ഈ സീസണിലെ ആദ്യ അർദ്ധസെഞ്ച്വറിക്കാരൻ രോഹനെ ബിജു നാരായണനും രഞ്ജി ടീമിലെ കൂട്ടുകാരൻ സൽമാൻ നിസാറിനെ സച്ചിൻ ബേബിയും പുറത്താക്കി.
മറുപടിക്കിറങ്ങിയ കൊല്ലത്തിന്റെ വിഷ്ണുവിനോദിനെ ആദ്യ പന്തിൽതന്നെ ഹരികൃഷ്ണൻ പുറത്താക്കി. തുടർന്ന് അഭിഷേക് നായർ (21), സച്ചിൻ ബേബി (24),വത്സൽ ഗോവിന്ദ് (41)എന്നിവർ നടത്തിയ പോരാട്ടം കൊല്ലത്തെ മുന്നോട്ടുനയിച്ചു. ഏഴാം ഓവറിൽ സച്ചിൻ ബേബി,എട്ടാം ഓവറിൽ അഭിഷേക്, ഒൻപതാം ഓവറിൽ രാഹുൽ ശർമ്മ (0),11-ാം ഓവറിൽ സജീവൻ അഖിൽ (3),12-ാം ഓവറിൽ ഷറഫുദ്ദീൻ(5) എന്നിവർ പുറത്തായതോടെ കൊല്ലം 68/6 എന്ന നിലയിലായി. തുടർന്ന് അമലും വത്സൽ ഗോവിന്ദും ചേർന്ന് 100ലെത്തിച്ചു. അവസാനഘട്ടത്തിൽ അമലും ആഷിഖ് മുഹമ്മദും (2) വത്സലും പുറത്തായപ്പോൾ കൊല്ലം തോറ്റെന്നുതന്നെ കരുതിയതാണ്. അവസാന ഓവറിൽ ഏദൻ ആപ്പിൾ ടോമും (10*) ബിജു നാരായണനും (15*) ക്രീസിൽ നിൽക്കേ ജയിക്കാൻ 14 റൺസ് വേണമായിരുന്നു. ആദ്യ പന്തിൽ ബിജുവും മൂന്നാം പന്തിൽ ഏദനും സിംഗിളെടുത്തപ്പോൾ മൂന്നുപന്തിൽ വേണ്ടത് 12 റൺസ്. അഖിൽ ദേവിനെ അടുത്ത രണ്ടുപന്തുകളിലും സിക്സർ പറത്തി ബിജു നാരായണന്റെ വിജയാഘോഷം.
സ്കോർ കാർഡ്
കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസ് 138/10( 18 ഓവർ)
രോഹൻ കുന്നുമ്മൽ 54, മനു കൃഷ്ണൻ 25,സൽമാൻ നിസാർ 21
ഷറഫുദീൻ 3-0-16-4, അമൽ 4-0-32-3
കൊല്ലം സെയ്‌ലേഴ്സ് 139/9(19.5 ഓവർ)
വത്സൽ ഗോവിന്ദ് 41,അഭിഷേക് നായർ (21), സച്ചിൻ ബേബി (24), ബിജുനാരായണൻ (15*)
അഖിൽ സ്കറിയ 4-0-14-0, എസ്. മിഥുൻ 4-0-22-3
പ്ലെയർ ഓഫ് ദി മാച്ച് : എൻ.എം ഷറഫുദ്ദീൻ
സീസണിലെ ആദ്യ അർദ്ധസെഞ്ച്വറി രോഹൻ കുന്നുമ്മലിന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |