സൗദി പ്രൊ ലീഗിലെ ആദ്യ കപ്പും കാത്ത് ക്രിസ്റ്റ്യാനോ
ഒരു കളി ജയിച്ചാൽ അൽ നസറിന് സൗദി പ്രൊ ലീഗ് ചാമ്പ്യന്മാരാകാം
റിയാദ് : മൂന്ന് വർഷം മുമ്പ് സൗദി അറേബ്യയിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രൊ ലീഗിൽ തന്റെ ആദ്യ കിരീടമുയർത്തുന്നതിന് ഇനി വേണ്ടത് ഒരു ജയം മാത്രം. അടുത്ത വ്യാഴാഴ്ച ലീഗിലെ അവസാന മത്സരത്തിൽ ഡമാക് ക്ളബിനെ തോൽപ്പിച്ചാൽ അൽ നസറിന് കിരീടം ചൂടാം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അൽ ഹിലാലിനോട് 1-1ന് സമനില വഴങ്ങിയതോടെയാണ് അൽ നസറിന്റെ കിരീടധാരണം വൈകിയത്.
നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള അൽ നസറിന് 33 മത്സരങ്ങളിൽ നിന്ന് 83 പോയിന്റാണുള്ളത്. 34 മത്സരങ്ങളാണ് ലീഗിൽ ഒരു ടീമിനുള്ളത്. രണ്ടാമതുള്ള അൽ ഹിലാലിന് 32 മത്സരങ്ങളിൽ നിന്ന് 78 പോയിന്റുണ്ട്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും അൽ ഹിലാൽ ജയിച്ചാൽ അവർക്ക് 84 പോയിന്റാകും. അൽ നസർ അവസാന മത്സരത്തിൽ സമനിലയിലാവുകയും ഹിലാൽ അവസാന രണ്ട് മത്സരങ്ങളും ജയിക്കുകയും ചെയ്താൽ ഇരുവർക്കും 84 പോയിന്റ് വീതമാകും. അപ്പോൾ ഗോൾ മാർജിൻ നോക്കേണ്ടിവരും. ഇപ്പോൾ അൽ നസറിന്റെ മാർജിൻ 60. ഹിലാലിന്റേത് 55. രണ്ട് കളികളിൽ അഞ്ചിലേറെ ഗോളുകളുടെ വ്യത്യാസം വരുത്താൻ ഹിലാലിന് കഴിഞ്ഞാൽ അൽ നസറിന് പ്രശ്നമാകും. അതിനാൽ ഡിമാകിനെതിരെ ജയിക്കുക മാത്രമാണ് നസറിന് മുന്നിലുള്ള വഴി.
കഴിഞ്ഞ ദിവസം അൽ ഹിലാലിനെതിരായ മത്സത്തിന്റെ ഇൻജുറി ടൈമിന്റെ എട്ടാം മിനിട്ടിൽ സമനില ഗോൾ വഴങ്ങിയതാണ് ക്രിസ്റ്റ്യാനോയ്ക്കും സംഘത്തിനും നിരാശ പകർന്നത്.നിശ്ചിത സമയത്തതിന്റെ അവസാനം വരെ അൽ നസർ മുന്നിട്ടുനിന്നിരുന്നു. 37-ാം മിനിട്ടിൽ മുഹമ്മദ് സിമാകാനിലൂടെയാണ് അൽ നസർ ലീഡെടുത്തത്. പിന്നീട് പ്രതിരോധം കടുപ്പിച്ചതോടെ ടീം വിജയിച്ചുകയറുമെന്ന പ്രതീക്ഷയിലായിരുന്നു. ജയിച്ചാൽ കിരീടം നേടാൻ സാധിക്കുമായിരുന്നു. എന്നാൽ 98-ാം മിനിട്ടിൽ അൽ ഹിലാൽ സമനിലഗോൾ നേടി. അൽ നസർ ഗോൾ കീപ്പർ ബെന്റോയുടെ പിഴവാണ് ഗോളിൽ കലാശിച്ചത്. അതോടെ അൽ നസർ താരങ്ങൾ തലയിൽ കെവെച്ചിരുന്നു. ഡഗൗട്ടിൽ ക്രിസ്റ്റിയാനോയും കടുത്ത നിരാശയിലായി.
ഏഷ്യൻ ചാമ്പ്യൻസ് ലീഗ് 2
ഫൈനൽ ഇന്ന്
അൽ നസറിനായി ഏഷ്യൻ ചാമ്പ്യൻസ് ലീഗ് 2 കിരീടം നേടാൻ ഇന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അവസരമുണ്ട്. ഇന്ത്യൻ സമയം ഇന്ന് രാത്രി 11.15ന് റിയാദിൽ തുടങ്ങുന്ന ഫൈനലിൽ ജാപ്പനീസ് ക്ളബ് ഗംബ ഒസാക്കയെയാണ് അൽ നസർ നേരിടുന്നത്.
ഒറ്റക്കിരീടം മാത്രം
2023 ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് അൽ നസറിലെത്തിയ ക്രിസ്റ്റ്യാനോയ്ക്ക് ആ വർഷത്തെ അറബ് ക്ളബ് ചാമ്പ്യൻസ് കിരീടത്തിൽ മാത്രമേ മുത്തമിടാനായിട്ടുള്ളൂ.