വിമാനത്തിനുള്ളിൽ ഇ-സിഗരറ്റ് വലിച്ചോ?പരാഗിന് പിന്നാലെ ചഹലും വിവാദത്തിൽ
Thursday 07 May 2026 5:01 PM IST
അഹമ്മദാബാദ്: ഇ-സിഗരറ്റ് ഉപയോഗിച്ചെന്ന ആരോപണത്തെ തുടർന്ന് പഞ്ചാബ് കിംഗ്സ് താരം യുസ്‌വേന്ദ്ര ചഹൽ വിവാദത്തിൽ. വിമാനത്തിനുള്ളിൽ വച്ച് ചഹൽ വാപ്പിംഗ് (ഇലക്ട്രോണിക് സിഗരറ്റ്) ചെയ്യുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നത്. പഞ്ചാബ് കിംഗ്സിലെ സഹതാരമായ അർഷ്ദീപ് സിംഗിന്‍റെ വ്ളോഗിലൂടെയാണ് ദൃശ്യങ്ങൾ പ്രചരിച്ചത്.
സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനായി ഹൈദരാബാദിലേക്കുള്ള വിമാന യാത്രയ്ക്കിടെയാണ് വിവാദ സംഭവം എന്നാണ് റിപ്പോർട്ട്. അർഷ്ദീപ് സിംഗ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വ്ളോഗിലെ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആരാധകർ ആരോപണം ഉന്നയിക്കുന്നത്. താരം വാപ്പിംഗ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വീഡിയോയിലെ ആ ഭാഗം എഡിറ്റ് ചെയ്ത് മാറ്റിയതായും ആരാധകർ ആരോപിക്കുന്നു. പഞ്ചാബ് കിംഗ്സ് ഫ്രാഞ്ചൈസിയോ ചഹലോ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.