'ഇന്ത്യ ആക്രമിക്കാൻ ഒരുങ്ങുന്നു,​ തെളിവുകൾ ലഭിച്ചു'; യുഎൻ ഇടപെടൽ ആവശ്യപ്പെട്ട് പാകിസ്ഥാൻ

Wednesday 30 April 2025 7:38 AM IST

ഇസ്ലാമാബാദ്: ഇന്ത്യ ആക്രമിക്കാൻ ഒരുങ്ങുന്നുവെന്നും ഇടപെടൽ വേണമെന്നും ഐക്യരാഷ്ട്ര സഭയോട് (യു എൻ) ആവശ്യപ്പെട്ട് പാകിസ്ഥാൻ. ആക്രമണം സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. അന്വേഷണത്തിന് അന്താരാഷ്ട്ര കമ്മീഷനെ അംഗീകരിക്കാമെന്നും അദ്ദേഹം അറിയിച്ചു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടസിനോടാണ് പാകിസ്ഥാൻ ഇടപെടൽ തേടിയിരിക്കുന്നത്. ഇന്ത്യ 36 മണിക്കൂറിനുള്ളിൽ ആക്രമിക്കാൻ പദ്ധതിയിടുന്നതായി തെളിവ് ലഭിച്ചെന്ന് പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രിയും പറഞ്ഞിരുന്നു.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകവേ സ്ഥിതി വഷളാക്കാതെ നോക്കാൻ ഇന്ത്യയോടും പാകിസ്ഥാനോടും അമേരിക്ക അറിയിച്ചു. സാഹചര്യങ്ങൾ വിലയിരുത്താൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറെ വിളിക്കും. സൗഹൃദമുള്ള മറ്റ് രാജ്യങ്ങളും വിഷയത്തിൽ ഇടപെടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാന് സൈനികതലത്തിൽ തിരിച്ചടി നൽകാൻ ഇന്ത്യ ഇന്നലെ തീരുമാനം എടുത്തിരുന്നു. എവിടെ, എപ്പോൾ, എങ്ങനെ പ്രഹരിക്കണമെന്നും ആക്രമണത്തിന്റെ വ്യാപ്തി എന്തായിരിക്കണമെന്നും തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം പ്രധാനമന്ത്രി സേനാവിഭാഗങ്ങൾക്ക് നൽകിയതോടെ യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന പ്രതീതിയിലായി രാജ്യം. ദേശീയ സുരക്ഷാ കാര്യങ്ങളിൽ നിർണായക തീരുമാനമെടുക്കുന്ന മന്ത്രിതല സമിതി ഇന്നു രാവിലെ സ്ഥിതിഗതികൾ വിലയിരുത്തും. ഏപ്രിൽ 22 ന് നടന്ന പഹൽഗാം ആക്രമണത്തിനുശേഷം പ്രധാനമന്ത്രി അദ്ധ്യക്ഷനായ സുരക്ഷാ സമിതിയുടെ രണ്ടാം യോഗമാണ് ഇന്ന് രാവിലെ 11ന് ചേരുക. സുരക്ഷാ സമിതി യോഗത്തിന് ശേഷം, പ്രധാനമന്ത്രി മോദിയുടെ അദ്ധ്യക്ഷതയിൽ രാഷ്ട്രീയകാര്യ മന്ത്രിതല സമിതിയും യോഗം ചേരും.