ഭാര്യയ്‌ക്കൊപ്പം താജ്‌‌‌മഹൽ സന്ദർശിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി; ചരിത്രമറിയാമോ എന്ന് ചോദിച്ച് പരിഹാസവുമായി ഇറാൻ

Tuesday 26 May 2026 3:35 PM IST

ആഗ്ര: ഇന്ത്യ സന്ദർശനത്തിനെത്തിയ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ഭാര്യ ജീനറ്റ് റൂബിയോയും താജ്മഹൽ സന്ദർശിച്ചതിന് പിന്നാലെ പരിഹാസവുമായി ഇറാൻ കോൺസുലേറ്റ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള പ്രണയസ്മാരകത്തിന് മുന്നിലെ പ്രശസ്തമായ ബെഞ്ചിലിരുന്ന് ദമ്പതികൾ എടുത്ത ചിത്രങ്ങൾ റൂബിയോ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിരുന്നു. എന്നാൽ, അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിൽ, ഈ ചിത്രം ഇപ്പോൾ അമേരിക്കയെ പരിഹസിക്കാനുള്ള ആയുധമാക്കി മാറ്റിയിരിക്കുകയാണ് ഇറാൻ. ചിത്രം പുറത്തുവന്നതിന് തൊട്ടുപിന്നാലെ റൂബിയോക്കെതിരെ കടുത്ത പരിഹാസങ്ങളുമായാണ് ഇറാനിയൻ വൃത്തങ്ങൾ രംഗത്തെത്തിയത്.

ഹൈദരാബാദിലെ ഇറാൻ കോൺസുലേറ്റ് ജനറലാണ് റൂബിയോയുടെ ചിത്രത്തിന് താഴെ കടുത്ത ഭാഷയിൽ പ്രതികരണവുമായി എത്തിയത്. താജ്മഹലിന്റെ ചരിത്രമോ അതിന്റെ നിർമ്മാണ ശൈലിയോ റൂബിയോയ്ക്ക് അറിയാമായിരുന്നെങ്കിൽ അദ്ദേഹം അവിടെ നിന്ന് ചിത്രമെടുക്കില്ലായിരുന്നു എന്ന് കോൺസുലേറ്റ് പരിഹസിച്ചു. 'ഒരു മുഗൾ ചക്രവർത്തിക്ക് തന്റെ ഇറാനിയൻ വംശജയായ ഭാര്യയോടുള്ള പ്രണയത്തിന്റെ പ്രതീകമായി, ഇറാനിലെ പ്രതിഭാശാലികളായ ശില്പികൾ നിർമ്മിച്ചതാണ് താജ്മഹൽ എന്ന സ്മാരകം. എന്നാൽ യുഎസ് സർക്കാർ ഇന്ന് ഇറാനിയൻ സംസ്‌കാരത്തെ തുടച്ചുനീക്കുമെന്ന് ഭീഷണിപ്പെടുത്തുകയും മറ്റ് സംസ്‌കാരങ്ങളെ അപമാനിക്കുകയുമാണ്,' -കോൺസുലേറ്റ് കുറിച്ചു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിയൻ സംസ്‌കാരത്തെ തുടച്ചുനീക്കുമെന്ന് ഭീഷണിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇറാന്റെ പ്രതികരണം. 250 വർഷത്തെ ചരിത്രം മാത്രമുള്ള അമേരിക്ക, 6000 വർഷത്തിലേറെ പഴക്കമുള്ള ഇറാന്റെ പാരമ്പര്യത്തെ ഭീഷണിപ്പെടുത്തുന്നത് വിഡ്ഢിത്തമാണെന്ന് ഇറാനിയൻ സൈനിക മേധാവികളും നേരത്തെ പരിഹസിച്ചിരുന്നു.

1632-ൽ മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ മൂന്നാമത്തെ ഭാര്യയായ മുംതാസ് മഹലിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ചതാണ് താജ്മഹൽ. പേർഷ്യൻ സംസ്‌കാരവുമായി ആഴത്തിൽ വേരുകളുള്ള മുഗൾ വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണമാണിത്. രാജ്ഞിയുടെ വംശപരമ്പര മുതൽ ഈ സ്മാരകം രൂപകൽപ്പന ചെയ്ത ശില്പികൾ വരെ ഇറാനുമായി ബന്ധപ്പെട്ടിരിക്കുന്നു.