ഇസ്ലാമബാദ്: ഇന്ത്യയുമായുള്ള മൂന്നു യുദ്ധങ്ങളിൽ നിന്ന് പാഠം പഠിച്ചെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പരസ്യ സമ്മതം. ഈ യുദ്ധങ്ങൾ ദുരിതങ്ങളും ദാരിദ്ര്യവും തൊഴിലില്ലായ്‌മയും മാത്രമാണ് പാകിസ്ഥാന് നൽകിയത്. ഇനിയെങ്കിലും ഇന്ത്യയുമായി സമാധാനത്തിൽ കഴിയണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള എന്റെ സന്ദേശം ഇതാണ് - കാശ്‌മീർപോലെ പൊള്ളുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ച നടത്താം. - ഷഹബാസ് പറഞ്ഞു.
ബോംബിനും വെടിക്കോപ്പിനും വേണ്ടി വിഭവങ്ങൾ പാഴാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നില്ല. ഇരു രാജ്യങ്ങളും ആണവശക്തികളാണ്. ഇനി യുദ്ധം ഉണ്ടായാൽ എന്താണ് സംഭവിച്ചതെന്ന് പറയാൻ ആരും ജീവിച്ചിരിപ്പുണ്ടാവില്ലെന്നും ഷഹബാസ് വ്യക്തമാക്കി.
യു. എ. ഇ സന്ദർശന വേളയിൽ ദുബായിലെ അൽ അറബിയ ടെലിവിഷന് നൽകിയ ഇന്റർവ്യൂവിലാണ് ഷെഹബാസിന്റെ കുമ്പസാരം. തിങ്കളാഴ്ച ഇന്റർവ്യൂ സംപ്രേഷണം ചെയ്‌തതോടെ പാകിസ്ഥാനിൽ വിവാദമായി. പാകിസ്ഥാൻ പ്രതിപക്ഷം വിഷയം ഏറ്റെടുത്തതോടെ പ്രധാനമന്ത്രിയുടെ ഓഫീസ് അത് തിരുത്തി.കാശ്‌മീരിന്റെ സ്വയംഭരണം പറഞ്ഞായിരുന്നു തിരുത്തൽ. ഇന്ത്യ പ്രതികരിച്ചിട്ടില്ല.
ഇന്റർവ്യൂവിൽ കാശ്‌മീർ
കാശ്‌മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണം.
370ാം വകുപ്പ് കാശ്‌മീരിന് നൽകിയ സ്വയം ഭരണം ഇന്ത്യ റദ്ദാക്കിയതോടെ ന്യൂനപക്ഷങ്ങൾ അതിക്രമങ്ങൾക്ക് ഇരയാവുകയാണ്.
അത് അവസാനിപ്പിച്ച് ഇന്ത്യ ചർചയ്‌ക്ക് തയ്യാറാവണം
തിരുത്തൽ ഇങ്ങനെ
കാശ്‌മീരിന്റെ സ്വയംഭരണം പുനഃസ്ഥാപിച്ചാൽ മാത്രമേ ഇന്ത്യയുമായി ചർച്ചയുള്ളൂ എന്നാണ് ടെലിവിഷൻ ഇന്റർവ്യൂവിൽ അദ്ദേഹം ഉദ്ദേശിച്ചതെന്ന് ഓഫീസ് വക്താവ് ഇന്നലെ ട്വിറ്ററിൽ വ്യക്തമാക്കി. റദ്ദാക്കിയ 370ാം വകുപ്പ് ഇന്ത്യ പുനഃസ്ഥാപിക്കാതെ ചർച്ച അസാദ്ധ്യമാണെന്ന് പ്രധാനമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.
ഇന്ത്യ - പാക് യുദ്ധങ്ങൾ
1. കാശ്മീർ യുദ്ധം-1947
നാട്ടുരാജ്യമായിരുന്ന മുസ്ലീം ഭൂരിപക്ഷ ജമ്മു കാശ്‌മീരിനെ അന്നത്തെ ഹിന്ദു മഹാരാജാവ് ഹരിസിംഗ് സ്വതന്ത്ര ഇന്ത്യയിൽ ചേർക്കുമെന്ന് ഭയന്ന പാകിസ്ഥാൻ പട്ടാളത്തിന്റെ പിന്തുണയോടെ മുസ്ലീം ഗോത്രസേനയെ കാശ്മീർ ആക്രമിക്കാൻ വിട്ടു. ഗത്യന്തരമില്ലാതെ ഇന്ത്യൻ യൂണിയനിൽ ചേരാൻ മഹാരാജാവ് സമ്മതിച്ചതോടെ ഇന്ത്യൻ സേന പ്രത്യാക്രമണം നടത്തി. ഇന്ത്യൻ സേന കാശ്മീർ താഴ്‌വരയും ജമ്മുവും ലഡാക്കും നിയന്ത്രണത്തിലാക്കി. പാക് സേന അന്ന് കൈവശപ്പെടുത്തിയതാണ് അധിനിവേശ കാശ്‌മീരും ഗിൽജിത്ത് - ബാൾട്ടിസ്ഥാനും.
2. കാശ്മീർ യുദ്ധം-1965
ജമ്മു കാശ്മീരിൽ പാക് സേനയ്‌ക്ക് നുഴഞ്ഞു കയറാൻ പാകിസ്ഥാന്റെ ഓപ്പറേഷൻ ജിബ്രാൾട്ടർ. 17 ദിവസം യുദ്ധം. ഇന്ത്യയ്‌ക്ക് വിജയം. സോവിയറ്റ് യൂണിയനും അമേരിക്കയും ഇടപെട്ട് വെടിനിറുത്തി താഷ്കെന്റ് പ്രഖ്യാപനം.
3. ബംഗ്ലാദേശ് വിമോചനം- 1971
പൂർവപാകിസ്ഥാനെ ( ബംഗ്ലാദേശ് ) മോചിപ്പിക്കാൻ. ബംഗ്ലാദേശിൽ പാകിസ്ഥാന്റെ ക്രൂരതകൾ. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി യുദ്ധം പ്രഖ്യാപിച്ചു. ഇന്ത്യയ്ക്ക് വിജയം. ബംഗ്ലാദേശിനെ മോചിപ്പിച്ചു. പാകിസ്ഥാൻ കീഴടങ്ങി.
4. കാർഗിൽ യുദ്ധം- 1999
കാർഗിൽ പർവതനിരകളിൽ നിയന്ത്രണ രേഖ ലംഘിച്ച് പാക് സേന നുഴഞ്ഞു കയറി. ഇന്ത്യ ഉഗ്രമായി പ്രഹരിച്ച് പാക് സേനയെ തുരത്തി കാർഗിൽ വീണ്ടെടുത്തു. രണ്ട് മാസം നീണ്ട യുദ്ധത്തിൽ ഇന്ത്യയ്‌ക്ക് വിജയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |